കൊല്ലം: അഷ്ടമുടിക്കായലില്‍ കൊല്ലത്തിന്റെ സ്വന്തം പ്രസിഡന്റ്സ് ട്രോഫി ജലോത്സവം അരങ്ങേറാന്‍ ഇനി രണ്ട് ദിവസം കൂടി. 26ന് നടക്കുന്ന ജലോത്സവത്തിനൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ഫൈനല്‍ മത്സരവുമുണ്ട്. കൊല്ലം ബോട്ടുജെട്ടിക്കു സമീപം അഷ്ടമുടി കായലില്‍ പ്രത്യേകം തയ്യാറാക്കിയ മൂന്ന് ട്രാക്കുകളിലായാണ് മത്സരം. ദി റാവീസ് ഹോട്ടലിനു സമീപത്തുനിന്ന് തുടങ്ങി കൊല്ലം ബോട്ടുജെട്ടി വരെ 1000 മീറ്റര്‍ നീളത്തിലുള്ള ട്രാക്കുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
2011 നവംബര്‍ ഒന്നിന് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനാണ് നടക്കുന്നത്. ടൂറിസം വകുപ്പ് നേരിട്ട് നടത്തുന്ന ചാമ്പ്യന്‍സ് ട്രോഫി ബോട്ട് ലീഗ് രണ്ടാം സീസണ് 12ാമത് മത്സരത്തിനുമാണ് അഷ്ടമുടിക്കായല്‍ വേദിയാകുന്നത്. സിബിഎല്‍ ഫൈനല്‍ മത്സരത്തില്‍ 9 ചുണ്ടന് വള്ളങ്ങളും മാറ്റുരയ്ക്കും.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ 15 വള്ളങ്ങള്‍ 5 വിഭാഗങ്ങളിലായി മത്സരിക്കും. വെപ്പ് എ ഗ്രേഡ് (3), വെപ്പ് ബി ട്രേഡ് (3), ഇരുട്ടുകുത്തി എ ഗ്രേഡ് (3), ഇരുട്ടുകുത്തി ബി ഗ്രേഡ് (3), വനിതകളുടെ തെക്കനോടി (3) വിഭാഗങ്ങളിലാണ് മത്സരം. വള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈകിട്ട് 3ന് സമാപിക്കും. ഉദ്ഘാടന സമ്മേളനം 26ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ജലഘോഷയാത്രയ്ക്ക് ശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. തുടര്‍ന്ന് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരമാണ്. അതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍.
ഏറ്റവും ഒടുവിലായി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരം നടക്കും. വിജയിക്ക് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും. സിബിഎല്‍ ഒന്നാംസ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയാണ് ക്യാഷ് അവാര്‍ഡ്. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. വിജയികള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സിബിഎല്‍ ട്രോഫികളും സമ്മാനിക്കും. സംസ്കാരിക വിളംബര ജാഥ നാളെ വൈകിട്ട് 4ന് കെഎസ്ആര്‍ടിസിക്കു സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡിടിപിസിക്ക് സമീപം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: