ആലത്തൂര്‍: മിനി സിവില്‍ സ്റ്റേഷനിലെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ ലിഫ്റ്റ് കഴിഞ്ഞദിവസം വീണ്ടും പണിമുടക്കുകയും ഒരാള്‍ കുടുങ്ങുകയും ചെയ്തു. ഇന്നലെ ലിഫ്റ്റ് നന്നാക്കാന്‍ എറണാകുളത്ത് നിന്ന് കരാറെടുത്ത ജീവനക്കാര്‍ ഉച്ചക്ക് ഒരുമണിയോടെ നന്നാക്കിയെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞതോടെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. കുടുങ്ങിയയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
രണ്ടാഴ്ച മുമ്പ് ലിഫ്റ്റ് തകരാറായിരുന്നു. രണ്ട് ലിഫ്റ്റുകളിലെ മറ്റൊന്ന് നന്നാക്കാനാകാത്ത വിധം തകരാറിലായിട്ട് നാലു വര്‍ഷമായി. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന് അഞ്ച് നില കെട്ടിടത്തിലായാണ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് കേടായതോടെ മുകള്‍ നിലകളിലെ ഓഫീസുകളിലേക്ക് പോയി വരാന്‍ ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
ഐസിഡിഎസ് ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, എക്സൈസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസ്, സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസ്, ആര്‍ടി ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്നിവ മുകള്‍ നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രായമായവരും കൈക്കുഞ്ഞു ങ്ങളുമായി വരുന്നവരും ഇതുമൂലം ഏറെ വലയുന്നു. അളവു തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാന്‍ ചുമലിലേറ്റി വേണം മുകളിലെത്താന്‍.
മുകള്‍ നിലയില്‍ അടുത്തിടെ നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ കയറ്റി ഇറക്കിയതാണ് ലിഫ്റ്റ് തകരാറിലാകാന്‍ കാരണമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. മുന്‍പ് ആലത്തൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലേക്ക് വന്ന ഭിന്നശേഷിക്കാരനെ അന്നത്തെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി. മണികണ്ഠന് തോളിലേറ്റിയാണ് മുകളിലെത്തിച്ചത്. കൂടാതെ ജീവനക്കാര്‍ക്കുള്ള കുടിവെള്ളവും ജീവനക്കാര്‍ തന്നെ ചുമലിലേറ്റി കൊണ്ടു വന്നിരുന്നു. മിനി സിവില്‍ സ്റ്റേഷനില്‍ നേരത്തേ ലിഫ്റ്റ് ആളെക്കുടുക്കിയും പണി പറ്റിച്ചിരുന്നു. കുടുങ്ങിയവരെ വാതില്‍ പൊളിച്ചാണ് പുറത്തിറക്കിയത്. ഇതിനകം പത്തുതവണയാണ് ലിഫ്റ്റ് തകരാറിലായതും ആളുകള്‍ കുടുങ്ങിയതും.
23 ഓളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ദിവസേന നൂറുകണക്കിന് ആളുകളാണെത്തുന്നത്. ഇവരില്‍ പലര്‍ക്കും മുകളിലത്തെ നിലയിലെത്താന്‍ വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ലിഫ്റ്റ് അടിയന്തരമായി നന്നാക്കണമെന്നാണ് ആവശ്യം. ലിഫ്റ്റ് അറ്റകുറ്റപണി നടത്തേണ്ട ചുമതല പൊതുമരാത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: