ഈ സ്റ്റേഡിയം ഒരു അത്ഭുതമാണ്. ഷിപ്പിങ് കണ്ടെയ്നറുകളുടെ ഒരു വിസ്മയ നിര്‍മിതി. ലോകകപ്പിനു ശേഷം പൊളിച്ചു കളയുമെന്ന പ്രത്യേകതയും ഈ സ്റ്റേഡിയത്തെ ചരിത്രമാക്കുന്നു.
974 എന്നാണ് സ്റ്റേഡിയത്തിനു പേര്. ഇതിന്റെ നിര്‍മാണത്തിന് എത്ര തുക ചെലവാക്കിയെന്നൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ലോകകപ്പ് ഖത്തറിന് അനുവദിച്ചപ്പോള്‍ കേട്ടുതുടങ്ങിയതാണ് കണ്ടെയ്‌നര്‍ സ്റ്റേഡിയത്തെക്കുറിച്ച്. വായിച്ചും കേട്ടുമറിഞ്ഞതിനേക്കാള്‍ കൗതുകവും അമ്പരപ്പുമായി നേരില്‍ കണ്ടപ്പോള്‍. റിസൈക്കിള്‍ ചെയ്ത 974 ഷിപ്പിങ് കണ്ടെയ്‌നറുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഖത്തറിന്റെ ഡയലിങ് കോഡും 974 ആണ്. 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാം.
ലോകകപ്പ് കഴിഞ്ഞാല്‍ കണ്ടെയ്‌നറുകള്‍ അഴിച്ചുകൊണ്ടുപോകും. അല്ലെങ്കില്‍ മറ്റൊരിടത്ത് സ്ഥാപിക്കാം. പ്രഥമ ലോകകപ്പിന് നൂറ്റാണ്ട് തികയുന്ന 2030ല്‍ ആതിഥേയരാകാന്‍ ഉറുഗ്വെ ശ്രമിക്കുന്നു. അവര്‍ക്ക് അവസരം ലഭിച്ചാല്‍ ഖത്തറിലെ കണ്ടെയ്‌നര്‍ സ്റ്റേഡിയം ഉറുഗ്വെയില്‍ പുനര്‍ജനിക്കും. 1930ലെ ആദ്യ ലോകകപ്പ് സംഘാടകര്‍ ഉറുഗ്വെയായിരുന്നു.
പൂര്‍ണമായും പരിസ്ഥിതിക്ക് അനുയോജ്യമാണ് നിര്‍മാണം. പുനരുല്‍പ്പാദിപ്പിച്ച സ്റ്റീല്‍കൊണ്ടാണ് അടിത്തറ നിര്‍മിച്ചത്. നാലര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഏഴ് നിലകളിലാണ് സ്റ്റേഡിയം. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സുരക്ഷയില്‍ പുതുമയാര്‍ന്ന സ്റ്റേഡിയം നിര്‍മിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നിര്‍മിതി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉദ്ഘാടനം ചെയ്ത ഇവിടെ പ്രഥമ ഫിഫ അറബ് കപ്പ് അരങ്ങേറി. ലോകകപ്പില്‍ ആറ് ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാര്‍ട്ടര്‍ മത്സരവുമാണ് ഇവിടെ. ഇന്നാണ് ഈ സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ആദ്യ കളി. മെക്സിക്കോയും പോളണ്ടും തമ്മില്‍. സ്‌പെയ്‌നിലെ ഫെന്‍വിക് എറിബാറന്‍ ഗ്രൂപ്പാണ് ദോഹയുടെ വ്യാപാരവും സമുദ്രയാന പൈതൃകവും പ്രതിഫലിക്കുന്ന സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: