ദോഹ: മാരക്കാനയില്‍ 2014 ലോകകപ്പിന്റെ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കിയ ജര്‍മ്മനിയുടെ 22കാരന് സ്ട്രൈക്കര്‍ മരിയോ ഗോറ്റ്സെ ലയണല്‍ മെസിക്കൊപ്പമുള്ള ഒരു ചിത്രം അടുത്തിടെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. ഒരു ജര്‍മ്മന്‍ ടോക്ക് ഷോയില്‍ ഗോറ്റ്സെ വിവരിച്ചു. അന്ന് വിജയാഘോഷത്തിന് ശേഷം മാരക്കാനയുടെ കോണ്‍ഫറന്‍സ് റൂമിനുള്ളില്‍ നില്‍ക്കുമ്പോഴാണ് തോല്‍വിയുടെ ഭാരത്തില്‍ ഹൃദയം തകര്‍ന്ന് പുറത്തേക്ക് നടന്ന മെസിയെ ഗോറ്റ്സെ കണ്ടത്. പിന്നാലെ ഓടി അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി അന്ന് ലഭിച്ച പ്ലെയര്‍ ഓഫ് ദ മാച്ച് മെഡല്‍ കാട്ടി. ആ ചിത്രം വിത്ത് ജീനിയസ് ലയണല്‍ മെസി എന്ന അടിക്കുറിപ്പോടെ ഗോറ്റ്സെ പോസ്റ്റ് ചെയ്തു. ജര്‍മ്മന്‍ ആരാധകര്‍ ആ കുറിപ്പ് മാറ്റിയെഴുതി, ജര്‍മ്മന്‍ മെസി വിത്ത് ലയണല്‍ മെസി….
ലയണല്‍ മെസിയുടെ അവസാന ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്. ഇനിയൊരു മെസി എന്ന് എന്ന ചോദ്യം ആരാധകരുയര്‍ത്തുമ്പോഴും ആ പേരില്‍ വിളിക്കപ്പെടുന്ന ഏഴു പേര് ഇക്കുറി കളത്തിലുണ്ടെന്നതാണ് കൗതുകം. ജര്‍മ്മന്‍ മെസി മുതല്‍ ജപ്പാന് മെസി വരെ ഏഴ് പേര്…
മരിയോ ഗോറ്റ്സെ
ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ബോവറാണ് മരിയോ ഗോറ്റ്സെയെ ജര്‍മ്മന്‍ മെസി എന്ന് വിളിച്ചത്. പിന്നെ നാടാകെ അതേറ്റുവിളിച്ചു. 2014ല്‍ മെസിയുടെ അര്‍ജന്റീനയെ തോല്പിച്ച് ലോകകപ്പ് നേടിയ ടീമിലും ഗോറ്റ്സെ ഉണ്ടായിരുന്നു. അന്നത്തെ വിജയഗോള്‍ കുറിച്ചതും അവനായിരുന്നു.
ആന്‍ഡ്രിജ സിവ്കോവിച്ച്
കളിമിടുക്കും കളത്തിലെ വേഗതയും കൊണ്ടാണ് ആന്‍ഡ്രിജ സിവ്കോവിച്ചിന് സെര്‍ബിയന്‍ മെസിയെന്ന് പേര് വീണത്. 2015 ലെ അണ്ടര്‍ 20 ലോകകപ്പില്‍ സാക്ഷാല്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ടുഗോളിന് അട്ടിമറിച്ച് സെര്‍ബിയ ജേതാക്കളാകുന്നതിനുപിന്നില് ചുക്കാന്‍ പിടിച്ചത് സിവ്കോവിച്ചായിരുന്നു.
സെര്‍ദന്‍ ഷാക്കിരി
ആല്‍പൈന്‍ മെസി എന്ന് വിളിപ്പേരുണ്ട് സ്വിസ് സൂപ്പര്താരരം സെര്‍ദന്‍ ഷാക്കിരിക്ക്. നൂറിലധികം മത്സരങ്ങളുടെ പരിചയസമ്പത്ത്, പ്രവചനാതീത മുന്നേറ്റങ്ങളിലൂടെ മെസിയന്‍ മെയ് വഴക്കം കാട്ടുന്ന മിടുക്കാണ് ഷക്കിരിയെ മെസിയാക്കുന്നത്.
യൂസഫ് മസാക്നി
ടുണീഷ്യന്‍ മെസി. പരിക്ക് മൂലം 2018 ലോകകപ്പില്‍ ഉണ്ടായിരുന്നില്ല. ഇക്കുറി ഖത്തറില്‍ ടുണീഷ്യയുടെ മുന്നേറ്റ നിരയില്‍ മസാക്നി ഉണ്ടാകും.
പൗലോ ഡിബാല
മെസിയുടെ സ്വന്തം അര്‍ജന്റീനയിലുമുണ്ട് ഒരു ജൂനിയര്‍ മെസി. പൗലോ ഡിബാല. പന്തടക്കത്തിലും ലോങ് ഷോട്ടുകളിലും മിടുക്കന്. മെസി തുടര്‍ച്ചയാണെന്ന് ഡിബാലയെ ചൂണ്ടി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ പറയുന്നു.
സര്‍ദാര്‍ അസ്മൗന്
സര്‍ദാര്‍ അസ്മൗനാണ് ഇറാനിയന്‍ മെസി. സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ ആരാധകനാണ്. ഇബ്രാഹിമോവിച്ചിന്റെ തന്ത്രങ്ങളും മെസിയുടെ കളിമിടുക്കും ചേര്‍ന്നതാണ് അസ്മൗന്റെ പ്രതിഭയെന്നാണ് വാഴ്ത്തുപാട്ടുകള്‍.
ടേക്ക്ഫുസ കുബോ
മെസിയുടെ അതേ പ്രായത്തിലാണ് ജപ്പാന്റെ ടേക്ക്ഫുസ കുബോ ലാ മാസിയയില്‍ ചേര്‍ന്നത്. അവിശ്വസനീയമായ ഇടംകാല് ഷോട്ടുകള്‍ കൊണ്ട് ശ്രദ്ധേയന്‍. ചാട്ടുളിപോലെയുള്ള മുന്നേറ്റങ്ങള്‍… ഖത്തര്‍ കുബോയെ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് ജപ്പാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: