ഗവര്‍ണറെ വളയാന്‍ ഇന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രേരണയാല്‍ ഒരു ലക്ഷം സിപിഎം പ്രവര്‍ത്തകരെത്തുന്നു. ചരിത്രത്തില്‍ ആദ്യമായി, ഒരു ഏകാധിപതിയുടെ പൂര്‍ണ സ്വഭാവം കൈക്കൊണ്ടു കഴിഞ്ഞു കേരള മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന് വളയുന്നു എന്നു പ്രഖ്യാപിക്കുന്നത് തന്നെ ആ ദിശയിലേക്കുള്ള ഭരണാധികാരിയുടെ മാറ്റമായി സാമാന്യ ബുദ്ധിയുള്ള ജനങ്ങള്‍ക്ക് മനസിലാകും. അധികാരം പോകുമോ എന്ന ഭയം, വിഭ്രാന്തി അതാണ് മുഖ്യമന്ത്രിക്ക്. കേരള സംസ്ഥാനത്തിനെതിരെ, കേരളത്തിന്റെ വികസനത്തിനെതിരെ ഗവര്‍ണര്‍ എന്തൊക്കെയോ ചെയ്യുന്നു എന്ന ധാരണ അണികളില്‍ പരത്തിയാണ് രാജ് ഭവന് വളയുന്ന ‘ഏക്ഷന്‍’ മുഖ്യമന്ത്രി ആസൂത്രണം ചെയ്യുന്നത്. എന്തെങ്കിലും വീണു കിട്ടും എന്നതുകൊണ്ട് പാണന്മാര് അതുപാടി നടക്കുകയും ചെയ്യുന്നു. സാമാന്യ ബുദ്ധിയില്ലാത്ത അണികള്‍ വളയല്‍ സമരത്തിന് തയ്യാറാവുന്നു.
പിണറായിയുടെ സ്വേച്ഛാധിപത്യ പ്രവണതക്കെതിരെ പാളയത്തില്‍ പട തുടങ്ങിയിട്ട് കുറെക്കാലമായി. പരസ്യമായാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു കളയും എന്ന പേടിയില്‍ വിമതരുടെ നീക്കം രഹസ്യമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിമത നീക്കം പരസ്യമായ രഹസ്യമാണ്. ജനങ്ങള്‍ പിണറായിയെ കൈയൊഴിഞ്ഞു എന്നതിന്റെ തെളിവായി തൃക്കാക്കരയിലെ സിപിഎം തോല്‍വി. ഭരണ തകര്‍ച്ചയും ധൂര്‍ത്തും അണികളെയും ജനങ്ങളെയും അകറ്റി. പൊതു കടം മൂന്നര ലക്ഷം കോടി രൂപയായി. വീണ്ടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് കഴിവു കെട്ട ഭരണാധികാരിയുടെ മുഖ മുദ്രയായി. വലം കൈ ആയ കോടിയേരി ബാലകൃഷ്ണന്റെ ചിതയിലെ പുക അടങ്ങുന്നതിന് മുന്‍പെ കുടുംബത്തെയും കൂട്ടി വിദേശ പര്യടനം നടത്തിയത് അണികളില്‍ അമര്‍ഷം ഉണ്ടാക്കി. പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദം ശക്തമായി. കൂടുതല്‍ ആളുകള്‍ എതിരായി. അതിനുശേഷം വന്ന കുറെ ആരോപണങ്ങള്‍. എല്ലാ പ്രവര്‍ത്തികള്‍ക്കും കൂടെ നിന്ന ശിവശങ്കരനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍, ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാടും സംശയാസ്പദമാക്കി. അതേ സ്വപ്നയുടെ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും പാര്‍ട്ടിയില്‍ പിണറായിയുടെ നില പരുങ്ങലിലാക്കി.
മുന്‍ മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെ സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തമായ, ജനങ്ങള്‍ക്കു ബോധ്യംവരുന്ന മറുപടി നല്കാന് അവര്‍ക്ക് കഴിയാതെയായി. അതും പാര്‍ട്ടിയുടെ സൂപ്പര്‍ പവ്വര്‍ ആയ പിണറായിയുടെ കഴിവു കേടായി വ്യാഖ്യാനിക്കപ്പെട്ടു. അങ്ങിനെ പോകുമ്പോഴാണ് തിരുവനന്തപുരം മേയറുടെ കത്ത് വിവാദം. അതിനൊപ്പം പുറത്തു വന്ന, കേരളമൊട്ടുക്കുള്ള പതിനായിരക്കണക്കിന് അനധികൃത ബന്ധു നിയമനങ്ങള്‍. പിണറായിയെയും പാര്‍ട്ടിയെയും അതു പ്രതിരോധത്തിലാക്കി. കേരളം മുഴുവന്‍ രോഷം ആളിക്കത്തി. നിലനില്‍പ്പ് തന്നെ അപകടത്തിലായി. പാര്‍ട്ടിയും ജനങ്ങളും ഒരുപോലെ മുഖ്യമന്ത്രിയുടെ ഭരണത്തിനെതിരായി.
അതിനെ നേരിടാന്‍ ഉണ്ടാക്കിയെടുത്തൊരു അടവാണ് ഗവര്‍ണര്‍ വികസനം തടയുന്നു എന്ന ആരോപണം. ഗവര്‍ണര്‍ ചെയ്തത് യോഗ്യതയില്ലാതെ അനധികൃതമായി കയറിപ്പറ്റിയ, സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനം തെറ്റാണെന്നു പറയുകയും വിദ്യാഭ്യാസ രംഗത്തിന്റെ ശുദ്ധി നിലനിര്‍ത്താന്‍ അവര്‍ക്കെതിരെ നടപടികളാരംഭിക്കുകയും ചെയ്തു. അതും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. അനധികൃത നിയമനം നേടിയ, സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ സുപ്രീംകോടതിയാണ് ആ സ്ഥാനത്തു നിന്ന് തെറിപ്പിച്ചത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അത്തരത്തില്‍ വൈസ് ചാന്‍സലര്‍മാര്‍ ആയവരുടെ നിയമനം റദ്ദാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടപടി തുടങ്ങിയത്. അതിലെന്താണ് തെറ്റ്? ഇതിലെവിടെയാണ് ആര്‍എസ്എസ് വല്‍ക്കരണം?
അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളും തടയുമെന്ന ഉറച്ച നിലപാടാണ് ഗവര്‍ണര്‍ക്കുള്ളത്. ആശ്രിതരായവരെ വൈസ് ചാന്‍സലര്‍മാരാക്കിയാല്‍ ഉപകാര സ്മരണയായി അവര്‍ നേതാക്കളുടെ ഭാര്യമാരെ പ്രൊഫസര്‍മാരായി നിയമിക്കുന്നതിനും മറ്റു അനധികൃത നിയമനങ്ങള്‍ക്കും കൂട്ടു നില്ക്കും എന്ന ഗുണമുണ്ട്. അന്തസുള്ള വൈസ് ചാന്‍സലര്‍മാരെ നിയമപ്രകാരം നിയമിച്ചാല്‍ ബന്ധു നിയമനങ്ങള്‍ നടക്കാതെ വരും. അതാണ് ഗവര്‍ണര്‍ക്കെതിരെ തിരിയാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. കേരളത്തിന്റെ വികസനത്തിനെ ഗവര്‍ണറുടെ നടപടികള്‍ ഒരു രീതിയിലും തടസപ്പെടുത്തുന്നില്ല.
സുപ്രീം കോടതി വിധി പ്രകാരം നിയമം നടപ്പിലാക്കാന്‍ ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കുന്നു. അത് മാത്രമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ശുദ്ധീകരിച്ച് നിലവാരം ഉയര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ദൃഷ്ടിയില് അതുവളരെ വലിയ തെറ്റാണ്. തങ്ങള്‍ക്ക് സര്‍വ്വകലാശാലകളില്‍ അറ്റന്‍ഡര്‍ മുതല്‍ വൈസ്ചാന്സിലര് വരെയുള്ള തസ്തികകളില്‍ യോഗ്യതയില്ലാത്ത പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ഗവര്‍ണര്‍ കൂട്ടു നില്‍ക്കാത്തതിനാലാണ് ഒരു ലക്ഷം ആള്‍ക്കാരെയും കൂട്ടി രാജ്ഭവന് വളഞ്ഞ് അക്രമം സൃഷ്ടിക്കാന്‍ സിപിഎം പുറപ്പെടുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: