കൊല്‍ക്കൊത്ത: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ‘കാഴ്ചയ്‌ക്ക് കൊള്ളി’ല്ലെന്ന് അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രി അഖില്‍ ഗിരിയ്‌ക്കെതിരെ ഒരു വാക്ക് മിണ്ടാതെ മമതാ ബാനര്‍ജി. ബിജെപിയുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ ഞായറാഴ്ച അഖില്‍ ഗിരി മാപ്പ് പറഞ്ഞു. എന്നാല്‍ അഖില്‍ ഗിരിയെ ഉടന്‍ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് ബിജെപി ആവര്‍ത്തിച്ചു.
അഖില്‍ ഗിരിയെ ഉടന്‍ ജയിലിലടയ്‌ക്കാന്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ മന്ത്രി അഖില്‍ ഗിരിയ്‌ക്കെതിരെ ബിജെപി എംപി ലോകെറ്റ് ചാറ്റര്‍ജി കൊല്‍ക്കൊത്തയിലെ നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റഷനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് നല്‍കി.
മമത ബാനര്‍ജി മൗനം വെടിയണമെന്നും മന്ത്രി രാഷ്‌ട്രപതിയെ അധിക്ഷേപിച്ചിട്ട് 48 മണിക്കൂര്‍ നേരമായിട്ടും ബംഗാള്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിന് പരസ്യമായി മാപ്പ് പറയണമെന്നും ലോകെറ്റ് ചാറ്റര്‍ ജി ആവശ്യപ്പെട്ടു. ഇനിയും അഖില്‍ ഗിരിയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സ്ത്രീകളും ഗോത്രവിഭാഗങ്ങളും കൈകോര്‍ത്ത് രാജ്യമുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
തൃണമൂല്‍ മന്ത്രി അഖില്‍ ഗിരി ഇതിന് മുന്‍പ് മുര്‍മുവിനും ബംഗാളില്‍ ബിജെപിയുടെ ചീഫ് വിപ്പായിരുന്ന ഗോത്രനേതാവ് മനോജ് ടിഗ്ഗയ്‌ക്കും എതിരെ നടത്തിയ അധിക്ഷേപപ്രസംഗം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. “നിങ്ങള്‍ മര്യാദയ്‌ക്ക് സംസാരിക്കണം. നിങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ്. അവര്‍ വികൃതമായ മുഖങ്ങളെപ്പറ്റി പറയുന്നു. ദ്രൗപദി മുര്‍മു കാണാന്‍ എങ്ങിനെയാണ്? മനോജ് ടിഗ്ഗ കാണാന്‍ എങ്ങിനെയാണ് ? നിങ്ങളെല്ലാവരും പുറമേയ്‌ക്ക് ഭംഗിയുള്ളവരാണെങ്കിലും ഉള്ളില്‍ മുഴുവന്‍ ക്യാന്‍സറാണ്. “- ഇതായിരുന്നു അഖില്‍ ഗിരിയുടെ പ്രസംഗം.
കഴിഞ്ഞ ദിവസം വീണ്ടും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ അഖില്‍ ഗിരി നടത്തിയ അധിക്ഷേപം ഇങ്ങിനെയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി പറയുന്നത് ഞാന്‍ കാണാന്‍ ഭംഗിയില്ലാത്ത ആളാണെന്നാണ്. നമ്മള്‍ ആളുകളെ അവരുടെ കാഴ്ചയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തുക. നമ്മള്‍ ഇന്ത്യയില്‍ രാഷ്‌ട്രപതിയുടെ ഓഫീസിനെ വിലമതിക്കുന്നു. പക്ഷെ നമ്മുടെ പ്രസിഡന്‍റ് കാണാന്‍ എങ്ങിനെയാണ്?”- രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് സൗന്ദര്യമില്ലെന്ന വിമര്‍ശനമായിരുന്നു അഖില്‍ ഗിരി നടത്തിയത്.
മന്ത്രി ഗിരിയുടെ പ്രസ്താവന ഇന്ത്യയെ അന്താരാഷ്‌ട്ര തലത്തില്‍ നാണം കെടുത്തുന്നതാണെന്ന് ബിജെപി നേതാവ് അര്‍ജുന്‍ മുണ്ട പറഞ്ഞു. ഏറെ സമ്മര്‍ദ്ദത്തിനൊടുവില്‍ ഞായറാഴ്ച് അഖില്‍ ഗിരി പ്രസ്താവനയുടെ പേരില്‍ മാപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ബിജെപി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അഖില്‍ ഗിരിയുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: