കോഴിക്കോട് : തുറമുഖ വകുപ്പിന്റെ കെട്ടിടം വാടകയ്‌ക്ക് നല്‍കിയതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് വേണ്ടി കോഴിക്കോട് കോര്‍പ്പറേഷനും വഴിവിട്ട് സഹായങ്ങള്‍ നല്‍കിയതായി ആരോപണം. ഷംസീറിന്റെ സഹോദരന്‍ ഷാഹിര്‍ കരാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക വാങ്ങിയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കോഴിക്കോട് നഗരസഭയിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള കരാറെടുത്തത് ഷാഹിറാണ്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഷാഹിര്‍ ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല, പകരം ചെക്കാണ് നല്‍കിയത്. ഈ ചെക്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയെങ്കിലും നിയമ നടപടി സ്വീകരിച്ചില്ല. എ.എന്‍. ഷംസീറിന്റെ സഹോദരനെന്ന പരിഗണനയില്‍ നടപടികള്‍ ഒഴിവാക്കിയെന്നും ആരോപണങ്ങളില്‍ പറയുന്നുണ്ട്.
2020-ലാണ് നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം, പരിപാലനം എന്നിവയ്‌ക്കായി എ.എന്‍. ഷാഹിര്‍ കരാറേറ്റെടുത്തത്. 11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വര്‍ഷത്തേക്ക് പരിപാലിക്കാന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ 5.72 ലക്ഷം രൂപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടത്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഷഹീര്‍ പണം നല്‍കിയിരുന്നില്ല.
തുടര്‍ന്ന് ഡെപ്പോസിറ്റ് തുക നല്‍കാതെ കരാര്‍ തുടരുന്നതില്‍ കൗണ്‍സിലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. അതിനിടെ ഷാഹിര്‍ കരാര്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ ചുമതല ഷാഹിര്‍ മറ്റൊരു വ്യക്തിക്കും കൈമാറി.
ഡെപ്പോസിറ്റ് തുക ഒടുക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ വരെ വ്യവസ്ഥയുണ്ട്. എന്നിട്ടും സിപിഎം നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഷംസീറിന്റെ സഹോദരനാണെന്ന പരിഗണനയില്‍ കോര്‍പ്പറേഷന്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ഡെപ്പോസിറ്റ് തുക നല്‍കിയിട്ടില്ലെങ്കിലും പരിപാലന ചെലവിനത്തില്‍ പത്തുലക്ഷത്തിലേറെ രൂപ ഷാഹിര്‍ അടച്ചെന്നാണ് കോര്‍പറേഷന്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം.
കോഴിക്കോട് സൗത്ത് ബീച്ചില്‍ തുറുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം നിയമ വിരുദ്ധമായി ഷഹീര്‍ പാട്ടത്തിനെടുത്തെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുറമുഖ വകുപ്പ് ഈ കെട്ടിടം ടെന്‍ഡര്‍ നടപടികളൊന്നും സ്വീകരിക്കാതെ ഷംസീറിന്റെ സഹൗദരന് പങ്കാളിത്തമുള്ള കമ്പനിക്ക് നല്‍കുകയായിരുന്നു. പാട്ടത്തിനെടുത്ത കെട്ടിടം ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇത് ചട്ട വിരുദ്ധമാണെന്നന കണ്ടെത്തിയതോടെ നിര്‍ത്തിവെയ്‌ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: