സംസ്കാരം, മതം. ദേശീയത, നാഗരികത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലോകമെങ്ങുമുള്ള ഭാരതീയര്‍ക്ക് ഇന്ന് സുപരിചിതമായ പേരാണ് രാജീവ് മല്‍ഹോത്ര. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ചിന്തകനും ഗ്രന്ഥകര്‍ത്താവും ഗവേഷകനുമാണ് അദ്ദേഹം. ഒരു ദശാബ്ദത്തിനു മുമ്പ് ബ്രേക്കിംഗ് ഇന്ത്യ എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് പൊതു സമൂഹത്തില്‍ രാജീവ് വലിയ തോതില്‍ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. പാശ്ചാത്യ അക്കാദമിക കേന്ദ്രങ്ങളില്‍ ഒളിഞ്ഞിരുന്നു കൊണ്ട് അതിശക്തമായ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ശക്തികളെയാണ് അതിലദ്ദേഹം തെളിവുകള്‍ സഹിതം തുറന്നു കാണിച്ചത്. ഇന്ന് മാറിയ സാഹചര്യത്തില്‍ പുതിയ സംവിധാനങ്ങളും സമീപനങ്ങളുമായി പുതിയ ശക്തികള്‍ രംഗപ്രവേശനം ചെയ്തിരിയ്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘Snakes in the Ganga‘എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിയോട് രാജീവ് വിവരിയ്ക്കുന്നു. ബ്രേക്കിംഗ് ഇന്ത്യ 2.0 എന്നാണ് ഈ പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിയ്ക്കുന്നത്.
സ്നേക്ക്സ് ഇന്‍ ദി ഗംഗ, അഥവാ ഗംഗയിലെ പാമ്പുകള്‍ എന്നാണ് തന്റെ പുതിയ പുസ്തകത്തിന് രാജീവ് നല്‍കിയിരിയ്ക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ പേര്. ഗംഗ എന്നത് മനുഷ്യരാശിയ്ക്കു മുഴുവന്‍ സുപരിചിതമായ ആത്മീയ വിശുദ്ധിയുടെ പ്രതീകമാണ്. തന്നില്‍ അഭയം തേടുന്നവരുടെ എല്ലാ അശുദ്ധികളും നീക്കം ചെയ്ത് വിമലീകരിയ്ക്കുന്ന പ്രതിഭാസമാണ് ഗംഗ. എന്നാല്‍ ആ ഗംഗയ്ക്കുള്ളില് തന്നെ വിഷസര്‍പ്പങ്ങള്‍ ഒളിഞ്ഞു കിടന്നാല്‍ എങ്ങനെയുണ്ടാവും ? രാജീവ് തന്റെ പുസ്തകത്തിന്റെ തലക്കെട്ടിലൂടെ സൂചിപ്പിയ്ക്കുന്നത് അതാണ്.
അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍, പ്രത്യേകിച്ചും ഹാര്‍വാര്‍ഡ് കേന്ദ്രീകരിച്ച് വികസിച്ച് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു സിദ്ധാന്തമാണത്രേ CCT അഥവാ ക്രിട്ടിക്കല്‍ കാസ്റ്റ് തിയറി. ഇതനുസരിച്ച് ലോകമെങ്ങുമുള്ള മനുഷ്യ സമൂഹങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവേചനങ്ങളുടെ ഉത്ഭവകേന്ദ്രം ഇന്ത്യ അഥവാ കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഹിന്ദുക്കളുടെ വൈദിക സംസ്കാരം ആണത്രേ ! ഹിന്ദുക്കളുടെ വൈദിക സംസ്കൃതിയില്‍ നിന്ന് ജാതിവിവേചനം ഉത്ഭവിച്ചു എന്നും അത് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടന് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ കോളണി ശക്തികളെ സ്വാധീനിയ്ക്കുകയും, അവരിലൂടെ ലോകമെങ്ങുമുള്ള മറ്റു ജനതകളെ എത്തിച്ചേരുകയും ചെയ്തു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. ഈയൊരു തിയറിയെ ഉദ്ഘോഷിച്ചു കൊണ്ട് നിരവധി പുസ്തകങ്ങളും പഠനങ്ങളും ഇതിനകം പുറത്തിറങ്ങുകയുണ്ടായി. ലോകത്തിന്റെ ഐറ്റി തലസ്ഥാനമായ സിലിക്കന്‍ വാലി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ അതിന്റെ വിഷലിപ്തമായ സ്വാധീനം കണ്ടു തുടങ്ങിയിട്ടുണ്ട് എന്ന് രാജീവ് മല്‍ഹോത്ര ചൂണ്ടിക്കാണിയ്ക്കുന്നു.
അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുന്ന സമര്‍ത്ഥരായ ഇന്ത്യന്‍ ചെറുപ്പക്കാരെ ‘സവര്‍ണ്ണ സ്വത്വം’ പേറുന്നവര്‍ എന്ന രീതിയില്‍ മറ്റുള്ളവര്‍ കാണാന്‍ ഇത്തരത്തിലുള്ള നിരന്തരമായ ബ്രെയിന്‍ വാഷിംഗ് ഇടവരുത്തിയിട്ടുള്ളതായി രാജീവ് പറയുന്നു. അത് ഇന്ത്യയില്‍ ഉള്‍പ്പെടെ പല തരത്തിലുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് നമുക്കറിയാം. ഇത്തരം ആശങ്ക പരത്തല്‍ ഇപ്പോള്‍ തന്നെ സിലിക്കന്‍ വാലിയിലെ ബഹുരാഷ്ട്ര ഭീമന്മാരായ പല കമ്പനികളേയും ‘വിവേചന’ ത്തിനെതിരെ സെമിനാറുകളും മറ്റും നടത്താന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ക്രമേണ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അവയുടെ ഓഫീസുകളും ഇത്തരം അതിരുകടന്ന ആഖ്യാനങ്ങള്‍ സ്വീകരിയ്ക്കാനും, അതിനനുസരിച്ച് പോളിസികള്‍ ഉണ്ടാക്കാനും ബാദ്ധ്യസ്ഥരായി തീരും. ഉദാഹരണത്തിന് ഇന്ത്യാക്കാര്‍ക്ക് H1B വിസ അനുവദിയ്ക്കുമ്പോള്‍ ദളിതര്‍ക്ക് ജാതിപരമായ പരിഗണനകള്‍ കൊടുക്കണം എന്ന പോലുള്ള അതി വിചിത്രമായ ആവശ്യങ്ങള്‍ പോലും പലരും ഉന്നയിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടത്രേ. ഐഐടികളിലെ വിദ്യാഭ്യാസ – ഭരണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള അവകാശവാദമൊക്കെ വ്യാജമാണെന്നും, അവിടങ്ങളിലെ ജാതി മേധാവിത്വത്തെ പൊതിഞ്ഞു പിടിയ്ക്കാനുള്ള മറ മാത്രമാണ് അവയെന്നതും പോലുള്ള വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതിനകം തന്നെ ഈ സിദ്ധാന്തത്തിന്റെ മാളത്തില്‍ നിന്ന് വിരിഞ്ഞിറങ്ങി സമൂഹത്തില്‍ വിഷം പടര്‍ത്താന്‍ തുടങ്ങിയിട്ടുള്ള മൂര്‍ഖന്‍ കുഞ്ഞുങ്ങളാണ് ഇവയെല്ലാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇത്തരം ആഖ്യാനങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ സമൂഹത്തിലേയ്ക്ക് കടത്തി വിടാനും തങ്ങള്‍ ആഗ്രഹിയ്ക്കുന്നതു പോലെ പുതു തലമുറകളെ ക്കൊണ്ട് ചിന്തിപ്പിയ്ക്കാനും ശാസ്ത്ര സാങ്കേതിക മേല്‍ക്കോയ്മ ഉള്ളവര്‍ക്ക് ഇന്ന് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ ഭാരതം ചൈനയെ ആണ് മാതൃകയാക്കേണ്ടത് എന്നദ്ദേഹം പറയുന്നു. ചൈനക്കാര്‍ അമേരിക്കയില്‍ നിന്ന് സയന്‍സ് ടെക്നോളജി എഞ്ചിനീയറിംഗ് മാത്തമാറ്റിക്സ് (STEM) എന്നിവ പഠിയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍ ചൈനയുടെ ചരിത്രം, സംസ്ക്കാരം, സാമൂഹ്യ വിഷയങ്ങള്‍, രാഷ്ട്രീയം തുടങ്ങിയവ മറ്റുള്ളവരില്‍ നിന്ന് പഠിയ്ക്കാന്‍ അവര്‍ തയ്യാറല്ല. അമേരിക്കന്‍ നിയന്ത്രിത സാമൂഹ്യ മാദ്ധ്യമങ്ങളും അവയുടെ അല്‍ഗോരിതങ്ങളും തങ്ങളുടെ മണ്ണില്‍ അനുവദിയ്ക്കാന്‍ തുടക്കം മുതലേ അവര്‍ തയ്യാറായില്ല. അവയിലൂടെ വിദേശ താല്‍പ്പര്യങ്ങള്‍ തങ്ങളുടെ ജനങ്ങളെ സ്വാധീനിയ്ക്കുന്നതിന് ചൈന തടയിട്ടിരിയ്ക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മറിച്ചാണ് സ്ഥിതി. ഉക്രൈന് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തി മുന്‍ സര്‍ക്കാരിനെ അട്ടിമറിച്ചതായി ആരോപിയ്ക്കപ്പെടുന്ന ഒമിദിയാര്‍ (Pierre Omidyar) ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ സ്റ്റാര്‍ട്ട്അപ്പുകളില്‍ വലിയ നിക്ഷേപം ഉള്ളവരാണ്. തങ്ങളോട് കൂറുള്ള സമര്‍ത്ഥരായ ആയിരക്കണക്കിന് സാങ്കേതിക വിദഗ്ദരെ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് ഇവിടെ കഴിയുന്നു. ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കൊണ്ട് വൈദേശിക സ്ഥാപിത താല്‍പ്പര്യക്കാര്‍ 2024 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല. ഇക്കാര്യങ്ങളെ കുറിച്ച് ഭാരത സര്‍ക്കാരിലെ ഉന്നതരുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് രാജീവ് പറയുന്നു.
നമ്മുടെ സംസ്കൃതിയെക്കുറിച്ച് വിഷലിപ്തമായ ആഖ്യാനങ്ങള്‍ ചമച്ച് പ്രചരിപ്പിച്ച് ജനങ്ങളെ അതില്‍ നിന്നകറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധിയ്ക്കാന്‍ ഏതാനും വ്യക്തികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. അത്തരം പ്രതിരോധങ്ങള്‍ക്ക് കരുത്തു പകരാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ മുന്നോട്ടു വരേണ്ടതുണ്ട്. ജൂത സമൂഹത്തിനെതിരെയോ, ഇസ്ലാമിനെതിരെയോ, ചൈനയ്ക്ക് എതിരെയോ അത്തരമൊരു നീക്കം നടന്നാല്‍ ഉടന്‍ ഇസ്രയേലോ, മുസ്ലീം രാജ്യങ്ങളോ, ചൈനയോ അതില്‍ ഇടപെടും. എന്നാല്‍ നമ്മുടെ കാര്യമോ ? യോഗ ദിനാചരണം പോലുള്ളവ നല്ലതു തന്നെ. പക്ഷേ അതുകൊണ്ടു മാത്രമായില്ല. ഹാര്‍വാര്‍ഡ് പോലുള്ള യൂണിവേഴ്സിറ്റികള്‍ക്ക് ഇന്ത്യന്‍ കൊടീശ്വരന്മാര്‍ തന്നെ ഫണ്ട് കൊടുക്കുന്നുണ്ട്. എന്നാല്‍ അവ കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യാറില്ല. ഇന്ത്യയിലെ അശോക യൂണിവേഴ്സിറ്റി പോലുള്ള സ്വകാര്യ സര്‍വ്വകലാശാലകളിലും ഹാര്‍വാര്‍ഡ് പോലുള്ള കേന്ദ്രങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്. അവിടെ പഠിയ്ക്കുന്നവര്‍ എല്ലാവരും സമൂഹത്തിലെ ഉന്നതന്മാരുടെ മക്കളാണ്. നാളെ ഉയര്‍ന്ന പദവികളില്‍ എത്തിപ്പെടാന്‍ പോകുന്നവരാണ്. അവരെയെല്ലാം ഇത്തരം വിഘടനവാദ ആഖ്യാനങ്ങളിലൂടെ പ്രത്യേക രീതിയില്‍ രൂപപ്പെടുത്തി എടുത്തു കൊണ്ടിരിയ്ക്കുകയാണ്.
വാഷിംഗ് ടണ്‍ പോസ്റ്റ്, ന്യുയോര്‍ക്ക് ടൈംസ് തുടങ്ങിയ വിദേശ മാദ്ധ്യമങ്ങളും, ദി വയര്‍, ദി പ്രിന്റ് പോലുള്ള ഇന്ത്യന്‍ മാദ്ധ്യമങ്ങളും പ്രചരിപ്പിയ്ക്കുന്ന പ്രതിലോമപരമായ ആഖ്യാനങ്ങളുടെ മറുവശം ലോകത്തോട് വിളിച്ചു പറയാനും ഇവിടെ മാദ്ധ്യമങ്ങള്‍ ഉണ്ടാവണം. അല്ജസീറയെയും ബിബിസിയേയും പോലുള്ള ഒരു ആഗോള മാദ്ധ്യമമായി റിപ്പബ്ലിക്ക് ടിവി വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: