കഴിഞ്ഞയാഴ്ച സ്വര്ഗപ്രാപ്തയായ അക്കൂരത്ത് മനയിലെ ദേവകിയന്തര്ജനത്തിന്റെ കൈകൊണ്ട് ഭക്ഷണം കഴിച്ച് അനുഗ്രഹീതരായ സംഘപ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്ക് കണക്കുവയ്ക്കാനാവില്ല. ഇപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന സംഘപ്രചാരകന്മാരില്‍ മുന്‍പനായ എ.എം. കൃഷ്ണന് അവരുടെ പുത്രനാണ്. പഴയ വള്ളുവനാട്-പൊന്നാനി താലൂക്കുകളിലായി ഭാരതപ്പുഴയുടെ ഇരുകരകളേയും ഉരുമ്മിക്കിടക്കുന്ന പട്ടാമ്പി, ഞാങ്ങാട്ടിരി ഗ്രാമങ്ങളില്‍ 1950 കളില്‍തന്നെ സംഘപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗുരുവായൂര്‍ ചാവക്കാടു ഭാഗങ്ങളില്‍ അതിനും 4-5 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ സംഘപ്രവര്‍ത്തനം ഉണ്ടായിരുന്നു. ഗുരുവായൂരുമായി ആത്മീയ ബന്ധം പുലര്‍ത്താത്ത പ്രദേശങ്ങള്‍ മലബാറിലില്ലല്ലൊ. അവിടെ പ്രചാരകനായിരുന്ന ശ്രീ കൃഷ്ണ ശര്‍മാജിയാണ് ഞാങ്ങാട്ടിരിയിലും പട്ടാമ്പിയിലും സംഘപ്രവര്ത്തനമാരംഭിച്ചതെന്നാണെന്റെ ധാരണ.
അക്കൂരാത്തെ രാമേട്ടന് എന്ന് പില്ക്കാലത്തു പ്രസിദ്ധനായ രാമന് നമ്പൂതിരിയും സഹോദരന്മാരും തന്നെ അതിന് മുന്നിട്ടിറങ്ങി. വിശ്രുതമായ ആ മനയിലെ കര്‍ഷക തൊഴിലാളികളെ പണിമുടക്കിന്നിറക്കി സംഘത്തെ മുളയിലെതന്നെ നുള്ളിക്കളയാന്‍ തുനിഞ്ഞ കമ്യൂണിസ്റ്റുകളുടെ ശ്രമങ്ങളെ സംഘത്തിന്റെ മൂലമന്ത്രം തന്നെയായ ഹിന്ദുക്കള്‍ നാമൊന്നാണേയെന്ന ആശയത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് രാമേട്ടന്-അവരെ തീണ്ടാപ്പാടകലത്തുനിന്ന് അകത്തളത്തിലേക്കാനയിച്ച് കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുത്തി ഭക്ഷണം നല്കി-ചെറുത്തു. അന്തര്‍ജനങ്ങളും അവര്‍ക്ക് വിളമ്പിക്കൊടുക്കാന്‍ തയ്യാറായി. ഇല്ലത്തെ അടുക്കളയോട് ചേര്‍ന്നുണ്ടായിരുന്ന വിശാലമായ ഊണുമുറിയില്‍ അവരോടൊപ്പം രാമേട്ടനടുത്തിരുന്നു ഊണുകഴിക്കാന്‍ ഈ ലേഖകന്‍ പലപ്പോഴും അവസരമുണ്ടായി.
രാമേട്ടന്റെ പിതാവ് ആര്യന് നമ്പൂതിരി പ്രചാരകനായ 1957 കാലത്ത് പറഞ്ഞ ഒരു തത്വം ഇന്നും മനസ്സില്‍ മുഴങ്ങുന്നു. ‘ആറെസ്സെസ്സില് എല്ലാവരും നമ്പൂരിമാരന്യാ’ എന്നായിരുന്നു അത്. ജീവിതകാലം മുഴുവന്‍ നമ്പൂരിയെ മനുഷ്യനാക്കാന്‍ വ്രതമനുഷ്ഠിച്ചു പ്രവര്‍ത്തിച്ച സാക്ഷാല്‍ വി.ടി. ഭട്ടതിരിപ്പാട് തന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ചു കോഴിക്കോട്ട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട സ്വീകരണത്തില്‍ പറഞ്ഞതിങ്ങനെയായിരുന്നു. ”ഇത്രയും നാള് ഞാന്‍ നമ്പൂരിയെ മനുഷ്യനാക്കാന്‍ പ്രവര്‍ത്തിച്ചു, ഇനി മനുഷ്യരെ നമ്പൂരിയാക്കട്ടെ.”
ഈ സംഭവത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു രാമേട്ടന്റെ അച്ഛന്റെ മേല്‍പ്പറഞ്ഞ പരാമര്‍ശം. ഞാന്‍ പ്രചാരകനായി വന്ന് ഗുരുവായൂരിലേക്കു പോകാന്‍ എറണാകുളത്തെ പത്മ ജങ്ഷനിലുണ്ടായിരുന്ന കാര്യാലയത്തിലെത്തി. പരമേശ്വരര്ജിയായിരുന്നു അന്നു പ്രചാരകന്. അഞ്ചാറുവര്‍ഷക്കാലം കോഴിക്കോട്് പ്രചാരകനായിരുന്ന അദ്ദേഹം ‘കേസരി’യുടെ പത്രാധിപത്യം അനൗപചാരികമായി നിര്‍വഹിച്ചതിനാല്‍ സര്‍വത്ര പ്രസിദ്ധമായിരുന്നു.” പട്ടാമ്പിയിലെ ഒരു മുതിര്‍ന്ന സ്വയംസേവകന് ഹൈക്കോടതി ആവശ്യത്തിന് വന്നിട്ടുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാ”മെന്നു പറഞ്ഞ് എന്നെക്കൂടി കൂട്ടി അവിടെച്ചെന്നു. കൊച്ചി രാജകുടുംബത്തിലെ ഒരു തമ്പുരാന്റെ സൗത്തിലുള്ള വസതിയിലാണ് താമസം. പരമേശ്വര്‍ജിയെ തമ്പുരാനു പരിചയപ്പെടുത്തി. ആര്‍എസ്എസ് എന്നു കേട്ടപ്പോള്‍ തമ്പുരാന് ഞെട്ടലുണ്ടായി. ”മൂസ്സാമ്പൂരി ആറെസെസ്സാ?” എന്നു ചോദ്യവും. ”അങ്ങനെയൊന്നുമില്ല പക്ഷേ ഉള്ളില്‍ ഇത്തിരിയുണ്ട് അത് ശ്ശിണ്ടേന്നും” എന്നു പറഞ്ഞു. ഷൊര്‍ണൂറില്‍ ഗുരുജി പങ്കെടുത്ത ഒരു ശിബിരത്തില്‍ താന്‍ പങ്കെടുത്തതും, ഊണിനിരിക്കുമ്പോള്‍ അദ്ദേഹത്തിന് അയിത്തമാവാതിരിക്കാന്‍ വേറെ സ്ഥാനമൊരുക്കാന്‍ ഗുരുജി നിര്‍ദേശിച്ചതും, അതുവേണ്ട എന്നു നിരസിച്ചതും അദ്ദേഹത്തിന്റെ അടുത്തുതന്നെ ഇരുന്നതും ചരിത്രമായി. എതിര്‍വശത്തെ പന്തിയില്‍ ഇരുന്നത് അക്കൂരാത്തുമനയ്ക്കലെ ജോലിക്കാരായ ചെറുമക്കളായിരുന്നു. ഇക്കാര്യങ്ങള്‍ വിവരിച്ചശേഷം ”ഗുരുജിയുടെ വാക്ക് എനിക്കു വേദവാക്യം” എന്നും ”ആറെസ്സെസ്സിലുള്ള എല്ലാവരും നമ്പൂരിമാരുതന്ന്യാ” എന്നും അദ്ദേഹം പറഞ്ഞത് അരസ്സഖാവായിരുന്ന തമ്പുരാന് ദഹിച്ചില്ലെന്ന് മുഖഭാവം സൂചിപ്പിച്ചു. പിന്നെയും വര്‍ഷങ്ങള്‍ ഒട്ടേറെക്കഴിഞ്ഞാണ് വി.ടി. ഭട്ടതിരിപ്പാട് പാലക്കാട്ടെ ഒരു സംഘശിബിരത്തിന്റെ സമാപന ചടങ്ങില്‍ അധ്യക്ഷനായി വന്നത്. വി.ടി. എന്തോ അരുതാത്തത് ചെയ്ത മട്ടിലായിരുന്നു മതേതര മാധ്യമങ്ങള്‍ ആ പരിപാടി റിപ്പോര്‍ട്ട് ചെയ്തത്.
ആ ഇല്ലത്ത് സംഘത്തെ തികച്ചും ഉള്‍ക്കൊണ്ട ഒരമ്മയായി ദേവകി അന്തര്‍ജനം സ്വയംസേവകരെ സല്ക്കരിച്ചു. അവിടത്തെ മകന് പ്രചാരകനായി ജീവിതം സമര്‍പ്പിച്ചതില്‍ അവര്‍ ചാരിതാര്‍ത്ഥ്യം കൊണ്ടു. എനിക്കവിടെ പോകാന്‍ അവസരമുണ്ടായത് 2008 ലാണെന്നോര്‍ക്കുന്നു. രക്ഷാ ബന്ധന് പരിപാടിക്കു പോകണം എന്നായിരുന്നു സംഘ നിര്‍ദേശം. അവിടെയെത്തിയപ്പോഴാണ് ഇല്ലത്തിന്റെ പ്രധാന നാലുകെട്ട് പൊളിച്ച് ചെറിയൊരു വീട്ടിലേക്കു രാമേട്ടന് മാറിയെന്നറിഞ്ഞത്. ധര്മപത്നി പഴയ ഓര്‍മയില്‍നിന്ന് എന്നെ തിരിച്ചറിഞ്ഞ് വിശേഷങ്ങള്‍ അന്വേഷിച്ചു. ‘ജന്മഭൂമി’യില്നിന്ന് വിരമിച്ച വിവരവും അറിഞ്ഞിരുന്നു. ആരോഗ്യവിവരങ്ങള്‍ തിരക്കി. ഹിന്ദുസമാജത്തിന് ഉള്‍ക്കരുത്തു നല്കുന്ന പുതുതലമുറകള്‍ക്ക് പ്രചോദനമായ ആ മാതൃസ്വരൂപത്തിന് നമോവാകം.
ദാമോദരന്‍ മാസ്റ്റര്‍
കണ്ണൂര്‍ ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ച കാലത്ത് (195764 വരെ) പരിചയപ്പെട്ട അധ്യാപകന് ദാമോദരന്‍ മാസ്റ്റര്‍ ഇക്കഴിഞ്ഞ ദിവസം അന്തരിച്ച വിവരം എ. ദാമോദരന്‍ അറിയിക്കുകണ്ടായി. അക്കാലത്ത് ഇരിട്ടിയില്‍നിന്ന് ഏതാനും
കി.മീ. അകലെയുള്ള ഏതാനും അധ്യാപകരെ പരിചയപ്പെട്ടവരില്‍ അദ്ദേഹവുമുണ്ടായിരുന്നു. മട്ടന്നൂരിനടുത്ത് ഉളിയില്‍ എന്ന സ്ഥലം വളരെ നേരത്തെ (കു)പ്രസിദ്ധമായിരുന്നു. സ്കൂളുകളില്‍ ദേശീയഗാനാലാപം നിര്‍ബന്ധിതമാക്കിയതില്‍ ഉളിയിലെ മുസ്ലിം സ്കൂള്‍ കമ്മിറ്റിക്കാര് പ്രതിഷേധിക്കുകയും, അതു സ്കൂളില്‍ നി
ര്ത്തിവയ്ക്കുകയുമുണ്ടായി. സഖാക്കളും ലീഗുകാരും മാത്രം കാര്യമായുള്ള അവിടെ അതിനെതിരെ നാട്ടുകാരുടെ ദുര്‍ബലമായ പ്രതികരണമേ ഉണ്ടായുള്ളൂ. വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരി മുന്‍കയ്യെടുത്ത് മാനേജ്മെന്റിനെതിരെ നടപടിക്കു തുനിഞ്ഞപ്പോള്‍ ഭാരവാഹികള്‍ മാറുകയും പ്രവര്‍ത്തനം തുടരുകയും ചെയ്തിരുന്നു.
പില്ക്കാലത്ത് അവിടെ അധ്യാപകനായി വന്ന ദാമോദരന്‍ മാസ്റ്റര്‍ സംഘചാലകനായി ചുമതല വഹിച്ചിരുന്നു. കെ.ജി. മാരാരുടെ പ്രസംഗങ്ങള്‍ കണ്ണൂര്‍ ജില്ലയിലെങ്ങും തരംഗങ്ങള്‍ സൃഷ്ടിച്ച് ധാരാളം യുവാക്കളെ ആകര്‍ഷിച്ചുവന്ന കാലത്താണ് അദ്ദേഹവും അതില്‍ ആകൃഷ്ടനായത്. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയും ആദരവും ആര്‍ജിച്ച ദാമോദരന്‍ മാസ്റ്റര്‍ക്ക് ജനസംഘത്തിലൂടെ സംഘത്തിലേക്കു വഴിതെളിഞ്ഞുവെന്നു വേണമെങ്കില്‍ കരുതാം. അദ്ദേഹം ആദ്യം ജോലിചെയ്തിരുന്ന സ്കൂളിലെ മൂന്നുനാല് അധ്യാപകര്‍ ഇരിട്ടിക്കു സമീപമുള്ള ശാഖകളില്‍ പങ്കെടുത്തിരുന്നതിനാല്‍ അവരുടെ സമ്പര്‍ക്കവും അതിന് പശ്ചാത്തലമൊരുക്കിയിരിക്കണം.
1967 ലെ കോഴിക്കോട് സമ്മേളനത്തിനുശേഷമാണ് എനിക്കു ദാമോദരന്‍ മാസ്റ്ററെ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഉളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ താമസിക്കാനും അവസരമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ സംഘപ്രസ്ഥാനങ്ങളുടെ ഒരവിസ്മരണീയ മുഖവും ശബ്ദവുമായിരുന്നു ദാമോദരന്‍ മാസ്റ്റര്‍. എട്ടു പതിറ്റാണ്ടുകള്‍ സമാജസേവനത്തില്‍ വിനിയോഗിക്കാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തെ ഓര്‍മിക്കാന്‍ ഈയവസരം ഉപയോഗിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: