ന്യൂദല്‍ഹി: രണ്ട് സൈനികരടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ ഭീകരന് തൂക്കുകയര്‍ തന്നെ. ലഷ്കറെ ഇ ത്വയ്ബ ഭീകരന് മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ആരിഫ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളിയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി. 2000 ഡിസംബര്‍ 22നാണ് ചെങ്കോട്ടക്ക് നേരേ ആക്രമണമുണ്ടായത്.
നുഴഞ്ഞുകയറിയ ഭീകരര്‍ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയും രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെടുകയുമായിരുന്നു. ഡിസംബര്‍ 25ന് പാക് പൗരനായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. 2005 ഒക്ടോബര്‍ 24ന് വിചാരണക്കോടതി കേസിലെ പ്രധാന ഗൂഢാലോചനക്കാരനാ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഒക്ടോബര്‍ 31ന് വധശിക്ഷ വിധിക്കുകയും ചെയ്തു. 2007 സെപ്റ്റംബര്‍ 13ലെ ഉത്തരവിലൂടെ അദ്ദേഹത്തിന്റെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി സ്ഥിരീകരിച്ചു. ഇതിനെതിരെയാണ് ആരിഫ് സുപ്രീം കോടതിയെ സമീപിച്ചത്. 2011 ഓഗസ്റ്ര് 10 ന് ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ആരിഫിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളിയതോടെ പുനപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: