നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്) രാജ്യത്തെ 18 കേന്ദ്രങ്ങളിലായി നടത്തുന്ന അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള (റഗുലര്‍, ആര്‍ട്ടിസാന്‍, ലാറ്ററല്‍ എന്‍ട്രി ആന്റ് എന്‍ആര്‍ഐ) പ്രവേശനപരീക്ഷ ഫെബ്രുവരി 5 ന്.
ഫാഷന്‍ ഡിസൈന്‍, ടെക്നോളജി, മാനേജ്മെന്റ് ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും പ്രശസ്തിയാര്‍ജിച്ച മുന്‍നിര സ്ഥാപനമായ നിഫ്റ്റ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലാണ്. കേരളത്തിലെ സെന്റര്‍ കണ്ണൂരില്‍. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും പ്രോസ്പെക്ടസും www.nift.ac.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 3000 രൂപ. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി https://niftadmissions.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ കസമര്പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍/പ്രോസ്പെക്ടസിലുണ്ട്.
കോഴ്സുകള്‍: (1) ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്)-അക്സസറി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവ സ്പെഷ്യലൈസേഷനുകളാണ്. പ്രവേശന യോഗ്യത- പ്ലസ്ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ.
(2) ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബിഎഫ്ടെക്)- അപ്പാരല്‍ പ്രൊഡക്ഷന്‍. യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും.
2023 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 24 വയസ്. എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്.
(3) മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) (4) മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എംഎഫ്എം), യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ നിഫ്റ്റ്/എന്‍ഐഡിയുടെ ത്രിവത്സര ഡിപ്ലോമ.
(5) മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (എംഎഫ്ടെക്), യോഗ്യത: നിഫ്റ്റില്നിന്നും നേടിയ ബിഎഫ്ടെക് അല്ലെങ്കില്‍ അംഗീകൃത ബിഇ/ബിടെക് ബിരുദം.
മാസ്റ്റേഴ്സ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പ്രായപരിധിയില്ല. 2023 സെപ്തംബര്‍ 30 നകം യോഗ്യത തെളിയിക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം…
എന്‍ട്രന്‍സ് ടെസ്റ്റ്: ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (സിഎടി), ജനറല്‍ എബിലിറ്റി ടെസ്റ്റ് (ജിഎടി) എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട്. ഇതിനു പുറമെ സിറ്റിവേഷന്‍ ടെസ്റ്റും വ്യക്തിഗത അഭിമുഖവും ഉണ്ടാവും.
ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ കമ്മ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെന്ഷന്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, അനലിറ്റിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍ എന്നിവയില്‍ പരിജ്ഞാനമളക്കുന്ന ചോദങ്ങളുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. എന്നാല്‍ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റില്‍ ഒബ്സര്‍വേഷന്‍ പവര്‍, ഡിസൈന്‍ എബിലിറ്റി, കളര്‍ സെന്‍സ്, ഇല്ലസ്ട്രേഷന് സ്കില്‍സ് മുതലായവ വിലയിരുത്തപ്പെടും. പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും നിഫ്റ്റ് സെന്ററുകളില്‍ ലഭ്യമായ കോഴ്സുകളും സീറ്റുകളും ഫീസ് നിരക്കുകളും സംവരണവുമെല്ലാം വെബ്പോര്‍ട്ടലില്‍/പ്രോസ്പെക്ടസിലുണ്ട്.
കേരളത്തില്‍ കൊച്ചിയും കണ്ണൂരും പരീക്ഷാകേന്ദ്രങ്ങളാണ്. കോയമ്പത്തൂര്‍, ചെന്നൈ, മധുര, ബെംഗളൂരു, ഹൈദ്രാബാദ്, വിശാഖപട്ടണം, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ 37 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ബിഡെസ്, എംഡെസ് കോഴ്സുകളില്‍ പ്രവേശനത്തിന് സിഎടി, ജിഎടി പരീക്ഷകള്‍ അഭിമുഖീകരിക്കണം. സിറ്റിവേഷന്‍ ടെസ്റ്റും ഉണ്ട്. എന്നാല്‍ ബിഎഫ്ടെക് പ്രോഗ്രാമിന് ജിഎടി യോഗ്യത നേടിയാല്‍ മതി. എംഎഫ്എം, എംഎഫ്ടെക് പ്രോഗ്രാമുകള്‍ക്ക് ജിഎടിയില് യോഗ്യത നേടിയിരിക്കണം. എല്ലാ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്കും വ്യക്തിഗത അഭിമുഖം നേരിടണം.
ഫീസ് നിരക്കുകള്‍: 8 സെമസ്റ്ററുകളായുളള നാലുവര്‍ഷത്തെ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ ട്യൂഷന് ഫീസ് ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി ഒന്നാം സെമസ്റ്ററില്‍ 183200 രൂപയും രണ്ടാം സെമസ്റ്ററില്‍ 143000 രൂപയും മൂന്നാം സെമസ്റ്ററില്‍ 169800 രൂപയും നാലാം സെമസ്റ്ററില്‍ 150000 രൂപയും അഞ്ചാം സെമസ്റ്ററില്‍ 178700 രൂപയും ആറാം സെമസ്റ്ററില്‍ 158000 രൂപയും ഏഴാം സെമസ്റ്ററില്‍ 193700 രൂപയും എട്ടാം സെമസ്റ്ററില്‍ 166000 രൂപയും അടയ്ക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: