കണ്ണൂര്‍: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയിൽ അലന്‍ ഷുഹൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പാലയാട് ക്യാമ്പസില്‍ വെച്ച് അഥിന്‍ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗു ചെയ്തു എന്നാണ് എസ്‌എഫ്‌ഐ ആരോപിക്കുന്നത്. ധര്‍മ്മടം പോലീസാണ് അലനെയും ബദറുദീൻ, നിഷാദ് എന്നിവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ഈ വിഷയത്തില്‍ ക്യാമ്പസില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയുമായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചെന്നും അലന്‍ ഷുഹൈബ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും, അലനെ മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.
വ്യാജപരാതിയാണെന്നും റാഗിങ് പരാതി നല്‍കി എസ്എഫ്‌ഐ പക വീട്ടുകയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു. പരിക്കേറ്റ അഥിന്‍ ഇപ്പോഴും ചികിത്സയിലാണെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിലായിരുന്ന അലന്‍ ഷുഹൈബ് ജാമ്യത്തിലിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: