ന്യൂദല്‍ഹി :കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ആംആദ്മിയുടെ മന്ത്രി സത്യേന്ദര്‍ ജെയിന് തട്ടിപ്പുവീരന് സുകേഷ് ചന്ദ്രശേഖറില്‍ നിന്നും ജയിലില്‍ സുരക്ഷിതമായി കഴിഞ്ഞുകൂടാനും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാനും ഉള്ള ഫീസ് (പ്രൊട്ടക്ഷന്‍ മണി- Protection Money) എന്ന പേരില്‍ പിടുങ്ങിയത് 10 കോടി രൂപ. സുകേഷ് ചന്ദ്രശേഖറിന്റെ ഈ ആരോപണം സംബന്ധിച്ച് ചീഫ് സെക്രട്ടറി നരേഷ് കുമാറില്‍ നിന്നും ദല്‍ഹി ലഫ്. ജനറല്‍ വി.കെ. സക്സേന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മണ്ടോലി ജെയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ദല്‍ഹി ലഫ്. ജനറല്‍ വി.കെ. സക്സേനയ്ക്ക് എഴുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. സുകേഷ് ചന്ദ്രശേഖര്‍ ഇതുവരെ ആം ആദ്മി പാര്‍ട്ടിക്ക് 50 കോടി രൂപയോളം നല്കിയിട്ടുള്ളതായി രേഖകള്‍വെച്ച് റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു. രാജ്യസഭ എംപിയാക്കാനും ആം ആദ്മിയില്‍ വലിയൊരു പദവി നല്‍കാനുമാണ് ഇത്രയും തുക സുകേഷ് ചന്ദ്രശേഖര്‍ എന്ന കൊടും ക്രിമിനലില് നിന്നും ആം ആദ്മി പാര്‍ട്ടി വാങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ ആം ആദ്മി നേതാവായ സത്യേന്ദര്‍ ജെയിന് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും സുകേഷ് ചന്ദ്രശേഖര്‍ പറയുന്നു. “2019ല്‍ സത്യേന്ദര്‍ ജെയിനും അദ്ദേഹത്തിന്രെ സെക്രട്ടറിയും സുഹൃത്തുമായ സുശീലും എന്നെ ജയിലില്‍ വന്ന് കണ്ടു. പ്രൊട്ടക്ഷന്‍ മണി (ജയിലില്‍ സുരക്ഷിതമായി ജീവിക്കാനുംഅടിസ്ഥാന സൗകര്യം നല്‍കാനുമുള്ള തുക ) എന്ന നിലയില്‍ മാസം രണ്ട് കോടി രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സത്യേന്ദര്‍ ജെയിന്റെ സുഹൃത്തായ ജയിലില്‍ ഡിജി സന്ദീപ് ഗോയലിന് 1.5 കോടി രൂപ നല്‍കാനും ആവശ്യപ്പെട്ടു. പണം നല്കാന് ആവശ്യപ്പെട്ട് സത്യേന്ദര്‍ ജെയിന് സമ്മര്‍ദ്ദം ചെലുത്തി. രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം നിരന്തര സമ്മര്‍ദ്ദം ചെലുത്തി 10 കോടി രൂപ വാങ്ങിയെടുത്തു”- സുകേഷ് ചന്ദ്രശേഖര്‍ ദല്‍ഹി ലഫ്. ജനറലിന് അയച്ച കത്തില്‍ പറയുന്നു.
സത്യേന്ദര്‍ ജെയിന് എതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവ് നല്കാന് തയ്യാറാണെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ ആരോപണം സംബന്ധിച്ച് 164 പ്രകാരം ജഡ്ജിക്ക് മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആരാണ് സുകേഷ് ചന്ദ്രശേഖര്‍?
ജയിലിനുള്ളിലിരുന്ന സുപ്രീംകോടതി ജഡ്ജിയായും മുഖ്യമന്ത്രിയുടെ മകനായും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായും ഫോണിലൂടെ ചമഞ്ഞ് വിവിധ വ്യക്തികളില്‍ നിന്നും 200 കോടി പിടുങ്ങിയ വന്തട്ടിപ്പുവീരനാണ് സുകേഷ് ചന്ദ്രശേഖര്‍. ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസും മലയാളി മോഡല്‍ ലീനയെയും ഉപയോഗിച്ച് വിവിധ വ്യക്തികളില്‍ നിന്നും കോടികള്‍ തട്ടിയ തട്ടിപ്പുവീരനാണ് സുകേഷ് ചന്ദ്രശേഖര്‍. വിവിധ കുറ്റങ്ങളുടെ പേരില്‍ ഇദ്ദേഹം ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: