മോര്‍ബി : ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരില്‍ ബിജെപി എംപി മോഹന്‍ഭായ് കല്യാണ്ജി കുന്ദരിക്കുണ്ടാക്കിയത് നികത്താനാവാത്ത നഷ്ടം. അഞ്ച് മക്കള്‍ ഉള്‍പ്പടെ കുടുംബത്തില്‍ നിന്നുള്ള 12 പേരാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. രാജ്കോട്ടില്‍ നിന്നുള്ള എംപിയാണ് മോഹന്‍ഭായ്.
‘അപകടത്തില്‍ അഞ്ച് മക്കളും സഹോദരിയുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ 12 പന്ത്രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുമെന്നും മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും എംപി പറഞ്ഞു.
അതിനിടെ മോര്‍ബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. പുഴയില്‍ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തെരച്ചില്‍ തുടരുകയാണ്. അതിനിടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പാലം നിര്‍മിച്ച കമ്പനിക്കെതിരെ കേസെടുക്കുകയും ചെയ്തു.
പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിങ് വിദഗ്ധരേയും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തും.
ബ്രിട്ടീഷ് ഭരണകാലത്ത് 1879 ല്‍ മച്ഛു നദിക്ക് കുറുകെ നിര്‍മ്മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് അഞ്ച് ദിവസം മുന്‍പാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടം നടന്ന സ്ഥലത്തെത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മോര്‍ബി നഗരത്തില്‍ ബന്ദ് ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: