കൊല്ലം: തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കരിഞ്ചന്തകളിലേക്ക് എത്തുന്ന മറ്റൊരു മേഖലയാണ് ഡാര്‍ക്ക് വെബ്. ഏതു തരത്തിലുള്ള തോക്കുകളും ഇവിടെ സുലഭം. ഡാര്‍ക്ക് വെബ് വഴി തോക്കുവാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമായതിനാല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ക്രിപ്റ്റോ കറന്‍സി ഇടപാടാണ് ഇവിടെ നടക്കുന്നത്.
ഭീകര സംഘങ്ങള്‍ ആയുധസംഭരണം നടത്താന്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ ഡാര്‍ക്ക് വെബ് വഴി ആയുധങ്ങള്‍ എത്തിയതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ ശക്തമായ നിരീക്ഷണത്തിലാണെന്നും സൈബര്‍ സെല്ലിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഡാര്‍ക്ക്വെബ് വഴി കടത്തുന്ന മയക്കുമരുന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആയുധവ്യാപാരം ചെറുതാണെങ്കിലും അന്താരാഷ്ട്ര സുരക്ഷയില്‍ വലിയ ഭീഷണിയാണെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം 2018ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുതിച്ചുയര്‍ന്ന് എയര്‍ഗണ്‍ വില്‍പ്പന
തോക്കുകള്‍ക്ക് ലൈസന്‍സ് നല്കുന്നതില് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് എയര്‍ഗണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. ആര്‍ക്കും വാങ്ങാവുന്ന എയര്‍ഗണ്ണുകള്‍ പോലും എതിരാളികളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തി.
ലൈസന്‍സ് വേണ്ട, ഒരു തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ ആര്‍ക്കും എയര്‍ഗണ്‍ സ്വന്തമാക്കാം. 2,100 രൂപ മുതല്‍ 55,000 രൂപവരെ വരുന്ന എയര്പിസ്റ്റളുകളും എയര്‍ റൈഫിളുകളും എയര്‍ റിവോള്‍വറുകളും നമ്മുടെ വിപണിയിലുണ്ട്. ഇന്ത്യന്‍ നിര്‍മിതമായ മുപ്പത്തഞ്ചിലധികം മാതൃകകളാണ് വിപണിയിലുള്ളത്. ഇതു കൂടാതെയാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എയര്‍ ഗണ്ണുകള്‍. വിവിധ ഓഫറുകള്‍ നല്കി ഓണ്‍ലൈന്‍ വിപണിയും സജീവമാണ്.
2008ല്‍ ആയുധ നിയമം കടുപ്പിച്ച് തോക്കുകള്‍ക്ക് ലൈസന്‍സ് നല്കുന്നതില് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ഗണ്ണിന് പ്രിയമേറിയത്. വര്‍ഷങ്ങളായി തോക്കുകളുടെ വില്‍പ്പനയില്‍ സജീവമായ കച്ചവടക്കാര്‍ വരെ എയര്‍ഗണ്ണുകളുടെ വില്‍പ്പനയിലേക്ക് ചുവടുമാറ്റി. ചില രാജ്യങ്ങളില്‍ ഇപ്പോഴും ഇവയെ വെടിക്കോപ്പുകളായാണ് കാണുന്നത്. അവിടെ ജനവാസമുള്ള പ്രദേശങ്ങളില്‍ എയര്‍ഗണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.
ഗെയിമുകള്‍ അപകടകാരികള്‍
ഫ്രീഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പ്രേരണനല്കുന്നതായി വിദഗ്ധര്‍ പറയുന്നു. പുതുതലമുറ തോക്കു സംസ്കാരത്തിലേക്ക് കടക്കുന്നതിന് പ്രധാന കാരണമായേക്കാവുന്നത് ഇത്തരം ഗെയിമുകളാണ്. കുട്ടികള്‍ ഇത്തരം ഗെയിമുകളില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മനശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: