തൃശൂര്‍: പുസ്തകച്ചന്തയില്‍ ഇപ്പോള്‍ ചൂടപ്പമായി വിറ്റഴിയുന്ന പുസ്തകം സ്വപ്ന സുരേഷിന്റെ ആത്മകഥയാണ്- ‘ചതിയുടെ പത്മവ്യൂഹം’. മുന്‍ ചീഫ് സെക്രട്ടരി ശിവശങ്കറിനെയും ഒന്നാം പിണറായി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെയും ലൈംഗികാരോപണവും ഉന്നയിക്കുന്ന ഈ പുസ്തകത്തിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്.
പുസ്തകത്തിന്റെ ജനപ്രീതി കണ്ട് ഇടത്പക്ഷ ക്യാമ്പില്‍ നേതാക്കള്‍ വിറളി പൂണ്ടിരിക്കുകയാണ്. അതിനിടെ പുസ്തകം കിട്ടാനില്ലെന്നും പ്രസാധകര്‍ പുസ്തകം അച്ചടിക്കുന്നത് നിര്‍ത്തിയെന്നുമൊക്കെ ധാരാളം പ്രചാരണങ്ങള്‍ നടന്നിരുന്നു. സിപിഎം ഭീഷണിയില്‍ കറന്‍റ് ബുക്സ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചതായും പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന കറന്‍റ് പുസ്തകം നാല് പതിപ്പുകള്‍ വിറ്റുതീര്‍ന്നു. പുതിയ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. പുസ്തകം കറന്‍റ് ബുക്സിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ഓരോദിവസവും പുസ്തകത്തില്‍ നിന്നുള്ള ഓരോരോ ഭാഗങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്. സ്വപ്ന സുരേഷിന്റെ ആത്മകഥയില്‍ അര്‍ധോക്തിയില്‍ നിര്‍ത്തിയ പല കാര്യങ്ങള്‍ക്കും ചാനലുകള്‍ നടത്തുന്ന അഭിമുഖത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സ്വപ്നം വെളിപ്പെടുത്തുന്നതോടെ അധികാരത്തിന്റെ ഇടനാഴികള്‍ ഞെട്ടുകയാണ്.
ആദ്യമായി താന്‍ ഇറങ്ങിത്തിരിച്ച ഒരു വൈദികനെക്കുറിച്ചും തന്നെ ഉപയോഗിച്ച ഒരു ചലച്ചിത്രരംഗത്തെ ഒരു വ്യക്തിയെക്കുറിച്ചുമെല്ലാം ഇനിയും സ്വപ്നയുടെ വെളിപ്പെടുത്തലിനായി വായനക്കാര്‍ കാതോര്‍ക്കുന്നു.
മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ പ്രതിരോധിക്കാന്‍ കഴിയാത്തവിധം സ്വപ്ന തീര്‍ത്ത ശരശയ്യയില്‍ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: