കാലടി: സംസ്കൃത സര്‍വകലാശാലയുടെ മുഖ്യകവാടത്തില്‍ ശ്രീശങ്കരാചാര്യ പ്രതിമയും കവാടവും അടച്ചുകെട്ടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്നതിന് രജിസ്ട്രാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തം. ചാന്‍സലര്‍ക്കെതിരെ സമരം ചെയ്യുന്നതിന് അനുമതി നല്കാന് നിയമപരമായി കഴിയില്ലെന്നിരിക്കെ ഇടതു നേതാക്കളെ പ്രീതിപ്പെടുത്താനാണ് രജിസ്ട്രാര്‍ അനുമതി നല്‍കിയത്.
ഇടതുയൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ഓഫീസ് അടച്ചുപൂട്ടി സമരം ചെയ്യുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍വകലാശാല ആസ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണ്. ഇതില്‍ സര്‍വകലാശാലയുടെ സംസ്ഥാനമൊട്ടാകെയുള്ള സെന്ററുകളിലെ വിദ്യര്‍ഥികളും മാതാപിതാക്കളും ഉള്‍പ്പെടുന്നു.
ആറു വര്‍ഷം മുന്‍പാണ് ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് അന്നത്തെ വിസിയായിരുന്ന ഡോ.എം.സി. ദിലീപ് കുമാര്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സര്‍വകലാശാല കവാടത്തില്‍ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിച്ച അന്ന് മുതല്‍ ഇടത് അധ്യാപക സംഘടനയായ അസ്യൂട്ടും എസ്എഫ്ഐയും എഐഎസ്എഫും നിരന്തരം പ്രതിമയെ അവഹേളിച്ചു വരികയാണ്.
സപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലടിയില്‍ എത്തിയപ്പോഴും ശ്രീശങ്കരപ്രതിമയ്ക്ക് ചുറ്റും കൊടിതോരണങ്ങള്‍ കെട്ടി ഇവര്‍ പ്രതിമ മറച്ചിരുന്നു. ചാന്‍സലര്‍ക്കെതിരെ സമരം ചെയ്യുന്നതിന് നിയമവിരുദ്ധമായി അനുമതി നല്കിയ രജിസ്ട്രാറുടെ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍ പറഞ്ഞു.
ടി.എസ്. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: