ശ്രീജിത്ത് പണിക്കര്‍
ഭരണഘടനാ അനുച്ഛേദം 164 (1): മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിയമിക്കേണ്ടതും, മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിന്മേല് ഗവര്‍ണര്‍ നിയമിക്കേണ്ടതും, മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കുന്നതും ആകുന്നു. ഭരണഘടനയിലെങ്ങും ഗവര്‍ണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അത് നേരേചൊവ്വേ അങ്ങ് എഴുതുവച്ചാല്‍ മതിയായിരുന്നല്ലോ. അല്ലാതെ ഗവര്‍ണറുടെ ഇഷ്ടമെന്ന് എഴുതി അത് മുഖ്യമന്ത്രിയുടെ ഇഷ്ടമെന്ന് വ്യാഖ്യാനിക്കേണ്ടല്ലോ. നിയമനത്തില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഉപദേശം അനിവാര്യമാകുന്നത്.
ഇഷ്ടം അഥവാ പ്രീതി എന്ന വാക്ക് ഒഴിവാക്കണമെന്നും മന്ത്രിമാര്‍ അവര്‍ക്ക് സഭയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമുള്ളിടത്തോളം തുടരണമെന്നും വേണം നിഷ്കര്‍ഷിക്കാനെന്ന് ഭരണഘടനാ അസംബ്ലിയില്‍ ഒരു അഭിപ്രായം ഉണ്ടായി. സാധാരണയായി അങ്ങനെ തന്നെയാണ് മന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നതെന്നും, അതാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും അംബേദ്കര്‍ പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം ഇല്ലെങ്കിലും ഇഷ്ടം അഥവാ പ്രീതി ഉണ്ടായാല്‍ തുടരാനും കഴിയില്ലല്ലോ. വിശ്വാസമില്ലാതെ ആയാല്‍ അവരെ പുറത്താക്കാന്‍ മറ്റ് നടപടികള്‍ ഉണ്ടല്ലോയെന്നും അംബേദ്കര്‍ വിശദീകരിച്ചു. അതിനാല്‍ ഇഷ്ടം അഥവാ പ്രീതിയെന്ന വാക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന് അംബേദ്കര്‍ വിവരിച്ചു. ലോകത്തുള്ള എല്ലാ ജനാധിപത്യ ക്രമങ്ങളിലും ഇതേ പദമാണ് ഉപയോഗിക്കുന്നതെന്നും, ഭൂരിപക്ഷത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമൊന്നും പറയുന്ന പതിവോ ശൈലിയോ എങ്ങുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെയുമല്ല, ഇഷ്ടം അഥവാ പ്രീതിയെന്ന അധികാരം ഒരാളെ പിരിച്ചുവിടാനും സ്വീകരിക്കാമെന്ന് അദ്ദേഹം വാദിച്ചു. ഒരാളെ പുറത്താക്കാന്‍ അഴിമതി, കൈക്കൂലി, ഭരണഘടനാ ലംഘനം എന്നിങ്ങനെ നിരവധി സ്വീകാര്യമായ കാരണങ്ങളുണ്ട്. അതെല്ലാം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇഷ്ടം അഥവാ പ്രീതിയെന്ന് ചേര്‍ത്താല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍, ഗവര്‍ണറുടെ ഇഷ്ടം അദ്ദേഹത്തിന്റെ സ്വവിവേകമാണെന്ന് കരുതാം. മന്ത്രിസഭയോട് ഇഷ്ടമുണ്ടാകുകയും, എന്നാല്‍ ഏതെങ്കിലും മന്ത്രിമാരോട് ഇഷ്ടമില്ലാതിരിക്കുകയും ചെയ്യാമെന്നു സാരം.
ഭരണഘടനാ അനുച്ഛേദം 163 (2): ഏതെങ്കിലും വിഷയം ഈ ഭരണഘടനയാലോ ഭരണഘടനാ പ്രകാരമോ ഗവര്‍ണര്‍ സ്വവിവേകം ഉപയോഗിച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണോ അല്ലയോ എന്നതു സംബന്ധിച്ച് ഏതെങ്കിലും പ്രശ്നം ഉദ്ഭവിച്ചാല്‍, ഗവര്‍ണര്‍ സ്വവിവേകം ഉപയോഗിച്ച് ചെയ്യുന്ന തീരുമാനം അന്തിമമായിരിക്കുന്നതും, ഗവര്‍ണര്‍ ചെയ്യുന്ന എന്തിന്റെയെങ്കിലും സാധുത, അദ്ദേഹം സ്വവിവേകം ഉപയോഗിച്ച് ചെയ്യേണ്ടിയിരുന്നുവെന്നോ ഇല്ലെന്നോ ഉള്ള കാരണത്തിന്മേല് ചോദ്യം ചെയ്യപ്പെടുവാന്‍ പാടില്ലാത്തതുമാകുന്നു. അതായത് ഗവര്‍ണര്‍ സ്വവിവേകമെടുത്ത് ചെയ്യുന്ന ഏത് തീരുമാനവും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ്.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിനുള്ള ഇഷ്ടം പിന്‍വലിച്ചാല്‍ അതിനര്‍ത്ഥം അദ്ദേഹം മന്ത്രിയായി തുടരുന്നില്ല എന്നാണ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ പലതും കണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്നും ബാലഗോപാല്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നും, ഇതരസംസ്ഥാനങ്ങളെ മോശമാക്കി ചിത്രീകരിച്ചെന്നും, അവയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പറഞ്ഞെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബോധ്യമായെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. ഭരണഘടനാപരമായി തന്നെക്കാള്‍ അധികാരം കൂടുതലാണ് ഗവര്‍ണര്‍ക്കെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നത് നല്ലതാണ്. വെല്ലുവിളി കുറയ്ക്കുന്നതും നല്ലതാണ്. എം ബി രാജേഷിന്റെ വ്യക്തിപരമായ പോസ്റ്റ് ഇല്ലാതായതും, താന്‍ പ്രതികരണത്തിനില്ലെന്ന് ബാലഗോപാല്‍ പറഞ്ഞതും ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: