ഇരിട്ടി: നിയുക്ത ശബരിമല മേല്‍ശാന്തി കൊട്ടാരം ജയരാമന് നമ്പൂതിരിക്ക് കീഴൂര്‍ മഹാദേവ ക്ഷേത്രസമിതിയൊരുക്കിയ സ്വീകരണച്ചടങ്ങിനിടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഭക്തജനങ്ങള്‍ സാക്ഷിയായത്. ഒരു നിമിഷം ക്ഷേത്രം ഭാരവാഹികളെയും സദസ്സിനെയും മുഴുവന്‍ സാക്ഷിയാക്കി വിങ്ങിപ്പൊട്ടി കരയുകയായിരുന്നു ജയരാമന് നമ്പൂതിരി.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ഷേത്രം പ്രസിഡന്റ് കെ. ഭുവനദാസന്‍ വാഴുന്നവരാണ് വികാര നിര്ഭരരംഗങ്ങള്ക്ക് ആദ്യം തുടക്കം കുറിച്ചത്. ക്ഷേത്രം തന്ത്രിയായിരുന്ന പരേതനായ വിലങ്ങര നാരായണന് ഭട്ടതിരിപ്പാടിനെ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചതാണ് ഇതിനു തുടക്കമായത്.
കൊട്ടാരം ജയരാമന് നമ്പൂതിരിയും വിലങ്ങര നാരായണന് ഭട്ടതിരിപ്പാടും ആലുവാ തന്ത്ര വിദ്യാപീഠത്തില്‍ നിന്നുമാണ് തന്ത്രവിദ്യ പഠിച്ചത്. വിലങ്ങര നാരായണന് ഭട്ടതിരിപ്പാട് തന്ത്രം പഠിച്ചതിനുശേഷം തന്റെ പതിനെട്ടാം വയസ്സില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കീഴൂര്‍ മഹാദേവക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഉത്സവമടക്കമുള്ള എല്ലാ ചടങ്ങുകള്‍ക്കും വിലങ്ങരയോടൊപ്പം ജയരാമന് നമ്പൂതിരിയും എത്താറുണ്ടായിരുന്നു. കൊവിഡിന്റെ അവസാനഘട്ടത്തില്‍ രോഗബാധിതനായി ഏതാനും മാസം മുന്‍പാണ് അദ്ദേഹം മരണമടഞ്ഞത്. ഈ ഓര്‍മ്മകളാണ് നിയുക്ത മേല്‍ശാന്തിയേയും ക്ഷേത്ര സമിതി പ്രസിഡന്റിനെയും വികാര വിക്ഷോഭങ്ങള്ക്കിടയാക്കിയത്.
ക്ഷേത്രസമിതിയുടെ സ്നേഹോപഹാരമായി സ്വര്‍ണ്ണപ്പതക്കം മേല്‍ശാന്തിയുടെ കഴുത്തിലണിയിക്കവേ വിങ്ങിപ്പൊട്ടിയ പ്രസിഡന്റ് ഭുവനദാസന്‍ വാഴുന്നവരെ ജയരാമന് നമ്പൂതിരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനുഗ്രഹ ഭാഷണത്തിനായി മൈക്കിനടുത്തെത്തിയ ജയരാമന് നമ്പൂതിരിയും പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി കരഞ്ഞു. ഏറെ നിമിഷം ഒന്നും പറയാനാവാതെ കണ്ണീരഞ്ഞു നിന്ന അദ്ദേഹം വേദിയിലെ കസേരയിലിരുന്നപ്പോഴും കണ്ണീരൊഴുക്കിക്കൊണ്ട് കരയുകയായിരുന്നു. ഈ രംഗം കണ്ടുനിന്ന ഭക്തജങ്ങളെയും ഇത് കണ്ണീരണിയിച്ചു. വേദിയിലും സദസ്സിലുമുള്ളവരിലേറെയും ഈ സമയങ്ങളില്‍ കണ്ണീര് തുടക്കുന്നത് കാണാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: