തിരുവനന്തപുരം: സംസ്ഥാനത്തെ വിസിമാര്‍ക്ക് സ്വാഭാവിക നിതി നിഷേധിച്ചിട്ടില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് കടക്കുപുറത്തെന്ന് പറഞ്ഞത് താനല്ല. മാധ്യമങ്ങളോടെന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും ഗവര്‍ണര്‍ അറിയിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ സിന്‍ഡിക്കേറ്റ് എന്നും, കടക്കു പുറത്ത് എന്ന് പറഞ്ഞതും ആരാണ്. താനല്ല, മാധ്യമപ്രവര്‍ത്തകരോട് ബഹുമാനത്തോടുകൂടി മാത്രമാണ് താന്‍ പെരുമാറിയിട്ടുള്ളത്. പാര്‍ട്ടി കേഡര്‍ ജേര്‍ണലിസ്റ്റ് ചമയുന്നുവെന്ന പരാമര്‍ശം ആവര്‍ത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വിസി നിയമനത്തില്‍ തെറ്റ് പറ്റി. ഒരു സര്‍വ്വകലാശാല വിസിയേയും താന്‍ പുറത്താക്കിയിട്ടില്ല. ഒമ്പത് സര്‍വ്വകലാശാലകളിലേയും വിസിമാരെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് എന്നതാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമായത്. വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത മാസം മൂന്നിനകം വിഷയത്തില്‍ വിശദീകരണം നല്‍കിയാല്‍ പരിഗണിക്കും. നിയമോപദേശം തേടിയശേഷമാണ് നടപടി സ്വീകരിച്ചത്.
കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി കൃത്യം. വിസിമാരോട് തനിക്ക് അനുകമ്പയാണുള്ളത്. അവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. യോഗ്യരെങ്കില്‍ വീണ്ടും പരിഗണിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കുകയാണ്. വിസിമാര്‍ക്ക് അനുകൂലമായല്ല ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി തുടക്കത്തില്‍ പ്രതികരിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: