മെല്‍ബണ്‍: ഇന്ത്യയുടെ വിജയത്തിന് എല്ലാ ക്രെഡിറ്റും കോഹ്ലിക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും നല്‍കുന്നുവെന്ന് പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം.
12 പന്തുകളില്‍ 31 റണ്‍സെന്ന രീതിയിലായിരുന്നു ഇന്ത്യയ്ക്ക് ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യം. എട്ട് പന്തില്‍ 28 റണ്‍സ് എന്ന രീതിയില്‍ വിജയലക്ഷ്യം അസാധ്യമായിരിക്കുമ്പോഴാണ് വിരാട് കോഹ്ലി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറായ ഹാരിസിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തിയത്. അതോടെ വിജയലക്ഷ്യം ആറ് പന്തില്‍ നിന്നും 16 എന്ന നിലയിലായി. പിന്നീട് ആ വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന ഓവര്‍ ബൗള്‍ ചെയ്ത നവാസ് എന്ന ബൗളര്‍ക്ക് അസാധാരണ സമ്മര്‍ദ്ദമായിരുന്നു. നവാസ് ചെയ്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. 37 പന്തില്‍ 40 റണ്‍സെടുത്ത് ഹാര്‍ദിക് ബാബര്‍ അസമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക് സിംഗിളെടുത്ത് കോഹ്ലിക്ക് ബാറ്റിംഗിന് അവസരം നല്കി. മൂന്നാം പന്തില്‍ കോഹ്ലി രണ്ട് റണ്‍സ് നേടി. നാലാമത്തെ പന്തില്‍ കോഹ്ലി സിക്സറടിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡായതോടെ അഞ്ച് റണ്‍സ് മാത്രമായി വിജയലക്ഷ്യം. ഫ്രീഹിറ്റ് പന്തില്‍ കോഹ്ലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ രണ്ട റണ്‍സ് മാത്രം മതിയെന്നായി. അടുത്ത പന്തും വൈഡായി. സ്കോര്‍ സമനില. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന് ഇന്ത്യയ്ക്ക് വേണ്ടി വിജയം കൊയ്തു.
“ന്യൂ ബോളില്‍ ഒന്നും എളുപ്പമായിരുന്നില്ല. ഞങ്ങള്‍ക്ക് 10 ഓവറുകള്‍ക്ക് ശേഷമാണ് ഒരു പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പൊക്കാന്‍ കഴിഞ്ഞത്. ഞങ്ങള്‍ ഞങ്ങളുടെ രഹസ്യ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. എല്ലാ ക്രെഡിറ്റും വിരാട് കോഹ്ലിക്ക് നല്കുന്നു. ഇടയ്ക്ക് വെച്ച് ഒരു വിക്കറ്റ് കിട്ടണമെന്ന് മോഹിച്ച് ഞങ്ങള്‍ സ്പിന്നര്‍മാരെ തിരികെ കൊണ്ടുവന്നു. പക്ഷെ ഗുണമുണ്ടായില്ല.” – പരാജയത്തിന് ശേഷം പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു.
ഇതുവരെ മൊഹിലിയിലായിരുന്നു എന്റെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സ്. അന്ന് 51 പിന്തില്‍ 82 റണ്‍സെടുത്തു. ഇന്ന് 53 പന്തിലാണ് 83 റണ്‍സെടുത്തത്. പക്ഷെ ഈ ഗെയിമിന്റെ വലിപ്പം കണക്കിലെടുത്ത് ഇത് എന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്നു എന്നതായിരുന്നു കോഹ്ലിയുടെ പ്രതികരണം.
“ഞാന്‍ ഡ്രസിംഗ് റൂമിലായിരുന്നു. എനിക്ക് പറയാന്‍ വാക്കുകളില്ല. കോഹ്ലി-പാണ്ഡ്യ പങ്കാളിത്തമായിരുന്നു കളിയെ മാറ്റിമറിച്ചത്. ഇവര്‍ രണ്ടുപേരും പരിചയസമ്പന്നരാണ്. ശാന്തരായി നിന്ന് കളിയെ ഗൗരവത്തിലേക്ക് കൊണ്ടുപോകുന്നത് നിര്‍ണ്ണായകമാണ്. ഞങ്ങളുടെ ആത്മവിശ്വാസത്തിന് നന്ദി. ഈ കളി ജയിക്കാവുന്ന നിലയിലായിരുന്നില്ല ഞങ്ങള്‍. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയുടെ മികച്ച പ്രകടനമായിരുന്നു ഇത്. “- വിജയത്തിന് ശേഷം വികാരാധീനനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: