ന്യൂദല്‍ഹി:വാള്‍ സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിനെ വിശ്വസിച്ച് ഇന്ത്യയില്‍ ഒരു നയാപൈസ മുടക്കരുതെന്ന് താക്കീത് ചെയ്യുന്ന ഫുള്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഇന്ത്യക്കാരനായ ബിസിനസുകാരനും അമേരിക്കയിലെ ഒരു സംഘടനയായ ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡവും. ഐഎംഎഫ്, ലോകബാങ്ക് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ യുഎസില്‍ ഒക്ടോബര്‍ 11ന് എത്തിയ ധനമന്ത്രി നിര്‍മ്മല സീതാരാമനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം. യുഎസില്‍ എത്താനിരിക്കുന്ന നിര്‍മ്മല സീതാരാമനെയും മറ്റ് 10 പേരെയും ഉപരോധിക്കാന്‍ യുഎസ് സര്‍ക്കാരിനോട് ഈ പരസ്യം ആഹ്വാനവും ചെയ്യുന്നു.
ഈ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ബിസിനസുകാരന്‍ രാമചന്ദ്രന്‍ വിശ്വനാഥനും ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്‍റ് ചെയ്ത ജോര്‍ജ്ജ് ലാന്‍ഡ്രിതുമായി ജേണലിസ്റ്റ് റാണ അയൂബിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില ട്വീറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ ഫേക് ന്യൂസുകള്‍ വരെ ഉയര്‍ത്തി യുദ്ധം ചെയ്യുന്ന ജേണലിസ്റ്റാണ് റാണാ അയൂബ്. ഈ പരസ്യം നല്‍കിയ ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് ലാന്‍ഡ്രിത് തന്റെ ട്വിറ്റര്‍ സന്ദേശം പങ്കുവെയ്‌ക്കുന്ന കൂട്ടത്തില്‍ റാണാ അയൂബിനെയും ടാഗ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്. വിദേശ നിക്ഷേപകര്‍ ഇനിയും മോദി സര്‍ക്കാരിന്റെയും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെയും അധിക്ഷേപവും പീഢനവും സഹിക്കണോ എന്ന് ചോദിക്കുന്ന ട്വീറ്റിലാണ് ജോര്‍ജ്ജ് ലാന്‍ഡ്രിത് റാണ അയൂബിനെ ടാഗ് ചെയ്തിരിക്കുന്നത്.
മോദി സര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്തുന്ന ഈ പരസ്യത്തിന് പിന്നിലുള്ള ഇന്ത്യന്‍ ബിസിനസുകാരന്‍ ദേവസ് കമ്പനിയുടെ സിഇഒ ആയിരുന്ന രാമചന്ദ്രന്‍ വിശ്വനാഥനാണ്. ഇദ്ദേഹത്തിന് മോദി സര്‍ക്കാരിനോടും നിര്‍മ്മല സീതാരാമനോടും ഉള്ള പകയാണ് പരസ്യത്തിന് വഴിവെച്ചത്. വാസ്തവത്തില്‍ സാമ്പത്തിക തട്ടിപ്പുനടത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെ രാമചന്ദ്രന്‍ വിശ്വനാഥന്റെ ദേവസ് എന്ന സ്വകാര്യ കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍റ്രിക്സും തമ്മിലുള്ള കരാര്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയതാണ് ഈ പകയ്‌ക്ക് കാരണം. സാമ്പത്തികതട്ടിപ്പുനടത്തുക എന്ന ഉദ്ദേശത്തോടെ മാത്രം രൂപീകരിച്ച ദേവസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയെ നിര്‍ത്തലാക്കാന്‍ ദേശീയ ലോ ട്രിബ്യൂണല്‍ തീരുമാനിച്ചു. ദേശീയ ലോ ട്രിബ്യൂണലിന്റെ ഈ തീരുമാനം സുപ്രീംകോടതി ശരിവെച്ചതോടെ ദേവസ് മള്‍ട്ടിമീഡിയ ഉടമ രാമചന്ദ്രന്‍ വിശ്വനാഥന്‍ ഇന്ത്യയില്‍ നിന്നും മുങ്ങി. ഇപ്പോള്‍ അമേരിക്കയില്‍ സാമ്പത്തിക അഭയാര്‍ത്ഥിയായി കഴിയുകയാണ് രാമചന്ദ്രന്‍ വിശ്വനാഥന്‍. അദ്ദേഹത്തിന് വേണ്ടി ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ എന്ന അമേരിക്കന്‍ ദിനപത്രത്തിന്റെ വാഷിംഗ്ടണ്‍ ഡിസി എഡിഷനില്‍ പരസ്യം നല്‍കിയത്. നിക്ഷേപം ഇറക്കാന്‍ ഏറ്റവും സുരക്ഷിതമല്ലാത്ത ഇടമാണ് ഇന്ത്യയെന്നും പരസ്യത്തില്‍ പറയുന്നു.
പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് ലാന്‍ഡ്രിത് ഈ പരസ്യം നല്‍കിയത് തന്നെ നിര്‍മ്മല സീതാരാമന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമായിരുന്നു.
പക്ഷെ ഞെട്ടിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഈ പരസ്യത്തിന് പിന്നാലെ ജോര്‍ജ്ജ് ലാന്‍ഡ്രിത് ട്വിറ്ററില്‍ പങ്കുവെച്ച മോദി സര്‍ക്കാരിനെതിരായ സന്ദേശങ്ങളില്‍ ജേണലിസ്റ്റ് റാണാ അയൂബിനെയും മറ്റൊരു ജേണലിസ്റ്റ് ആര്‍.എന്‍. ഭാസ്കറിനെയും ടാഗ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു ട്വീറ്റില്‍ ജേണലിസ്റ്റുകളായ പ്രേം പ്രകാശിനെയും ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് ഇഷാനി ദത്താഗുപ്തയെയും കൂടി ടാഗ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: