മംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും യാത്രക്കാരെ ഉപദ്രവിക്കാനും ശ്രമിച്ച മലപ്പുറം സ്വദേശിയടക്കമുള്ള അഞ്ചു യുവാക്കളെ തടവിന് ശിക്ഷിച്ച് കോടതി. മലപ്പുറം സ്വദേശി യൂനുസ്, ജുനൈദ്, സുജിത്, വിഷ്ണു, മിസ്അബ് എന്നിവരെയാണ് ഉഡുപ്പി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്.
കേരളത്തില്‍ നിന്ന് മംഗലാപുരത്ത് ട്രെയിനില്‍ എത്തിയ ഇവര്‍ അഞ്ചുപേരും മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിനില്‍ കയറികൂടുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് ഗോവയിലേക്കാണ് ഇവര്‍ യാത്രചെയ്തിരുന്നത്. ഇവര്‍ യാത്ര ചെയ്തിരുന്ന ബോഗിയില്‍ സ്പീക്കറില്‍ വളരെ ഉച്ചത്തില്‍ പാട്ട് വെയ്ക്കുകയും സഹയാത്രികരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ടിടിഐയെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ ടിക്കറ്റ് എടുക്കാതെയാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നതെന്ന് വ്യക്തമായി.
ടിടിഐ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ട്രെയിനില്‍ ഉണ്ടായിരുന്ന ആര്‍പിഎഫുകാരുടെ സഹായത്തോടെ അഞ്ചു പേരെയും ് ഉഡുപ്പിയിലെ ആര്‍പിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍പിഎഫ് ഓഫീസില്‍, യുവാക്കള്‍ ബഹളം വെക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു.
ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തു അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു മാസം തടവും 1000 രൂപ വീതം പിഴയും ശല്യം സൃഷ്ടിച്ചതിന് 100 രൂപ വീതവും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: