തിരുവനന്തപുരം: മലയാള ഭാഷയിലെ എഴുത്തു രീതി ഏകീകരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലിപി പരിഷ്കരണം പാഠപുസ്തകങ്ങളില്‍ അടുത്ത പഠന വര്‍ഷം മുതല്‍ നടപ്പിലാക്കും. പാഠപുസ്തകങ്ങളില്‍ മാറ്റം വരുന്നതോടെ മത്സര പരീക്ഷകളിലും പിഎസ്സി പരീക്ഷകളിലും പരിഷ്കരിച്ച ലിപിയനുസരിച്ചാകും ഭാഷ ഉപയോഗിക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി പറഞ്ഞു.
അതിനനുസരിച്ചാകും മത്സര പരീക്ഷകളിലെ മൂല്യനിര്‍ണ്ണയമെന്നും അദ്ദേഹം വ്യക്തമാക്കി. ലിപി പരിഷ്കരണവും ഭാഷാപ്രയോഗ രീതിയും സംബന്ധിച്ച് ഭാഷാ മാര്‍ഗ്ഗനിര്‍ദ്ദേശക വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി അംഗീകരിച്ചു. ഇതു നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത മാധ്യമ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
പാഠപുസ്തകങ്ങളില്‍ ലിപി മാറ്റം സാധ്യമാകുന്നതോടെ മലയാള മാധ്യമങ്ങളും പുതിയ ലിപി സ്വീകരിക്കുകയും അക്ഷരമെഴുത്തില്‍ മാറ്റം വരുത്തുകയും ചെയ്യണമെന്ന് വി.പി.ജോയി നിര്‍ദ്ദേശിച്ചു. എല്ലാവരും പ്രയോഗിക്കുന്ന ഭാഷയ്ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകണം. പാഠപുസ്തകങ്ങളും അച്ചടി, ദൃശ്യമാധ്യമങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും പുസ്തകങ്ങളും എഴുത്തുകളും പരസ്യങ്ങളും എല്ലാം ഏകീകൃത ലിപിയിലാകണം.
പരിഷ്കരിച്ച ലിപി പ്രകാരമുള്ള മലയാളം ഫോണ്ടുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ ഫോണ്ടുകള്‍ www.kerala.gov.in/malayalamfont, glossary.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സി-ഡിറ്റ് രൂപപ്പെടുത്തിയ മന്ദാരം, തുമ്പ എന്നീ ഫോണ്ടുകളും മിയ, മഞ്ജുള, രഹന എന്നീ ഫോണ്ടുകളുമാണ് പുതിയതായി രൂപപ്പെടുത്തിയത്. പുതിയ ലിപിയുടെ അടിസ്ഥാനത്തിലുള്ള എഴുത്തുരീതി കൈപ്പുസ്തകവും(style book) സര്‍ക്കാര്‍ പുറത്തിറക്കി.
മലയാളത്തിലെ പദങ്ങളുടെ എഴുത്തുരീതിയില്‍ കാണുന്ന വ്യത്യസ്തത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഒരു പദം പലരീതിയില്‍ എഴുതുന്നതിലൂടെ ഏതുരൂപമാണ് ശരിയെന്നതില്‍ ആശയക്കുഴപ്പമുണ്ടാകുന്നു. വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. എല്ലാവരും ഒരേപദം ഉപയോഗിക്കുന്ന രീതി അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. അതിനായി ഏകീകൃത പദാവലിയുടെ മാതൃകയും കൈപ്പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. പുതിയവാക്കുകള് ഇതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. പുതിയ വാക്കുകള്‍ കണ്ടെത്തി നിര്‍ദ്ദേശിക്കാന്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
1971ലാണ് മലയാള ഭാഷയില്‍ അവസാനം ലിപി പരിഷ്കരണം നടത്തിയത്. അത് വിജയകരവുമായിരുന്നു. എന്നാല്‍ ഭാഷ കൂടുതല്‍ വളര്‍ന്നതോടെ ഭാഷാഉപയോഗം പലതരത്തിലായി. ഇതിനുമാറ്റം വരുത്താനാണ് ഏകീകൃത ലിപിവിന്യാസം ആവശ്യമായിവന്നത്. 2021ല്‍ ഇതിനായി വിദഗ്ധ സമിതി രൂപവത്കരിച്ചു. ചീഫ്സെക്രട്ടറി വി.പി.ജോയി ഐഎഎസ്സിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച സിമിതിയില്‍ ഡോ.ടി.ബി.വേണുഗോപാലപ്പണിക്കര്‍, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.പി.സോമന്, ഡോ.വി.ആര്.പ്രബോധചന്ദ്രന്‍, പ്രൊഫ.വി.മധുസൂദനന്‍നായര്‍, ഡോ.അനില്‍വള്ളത്തോള്‍, ചാക്കോപൊരിയത്ത്, ഡോ.എന്‍.പി. ഉണ്ണി, ഡോ.എസ്.രാജശേഖരന്, ഡോ.കെ.കെ.ശിവദാസ്, എന്‍.ജയകൃഷ്ണന്, ഡോ.ആര്.ശിവകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: