കൊച്ചി : പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യുന്നതിനായി സ്പീക്കര്‍ക്ക് കത്ത് നല്കി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍. എംഎല്‍എ ഒളിവില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പോലീസ് തേടിയത്.
കമ്മിഷറുടെ കത്ത് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ പോലീസ് നടപടികള്‍ കൈക്കൊള്ളും. കോവളത്തുവെച്ച് മര്‍ദ്ദിച്ചതായി യുവതി പരാതി നല്‍കിയതിന് പിന്നാലെ ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് കുന്നപ്പള്ളി ഒളിവിലാണ്. എംഎല്‍എയെ ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കുന്നില്ല. കൂടാതെ വീട്ടിലും ഓഫീസിലും ഇല്ലെന്നാണ് വിവരം. കേസില്‍ എല്‍ദോസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒളിലായതിനാല് പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലീസ് തേടിയത്.
എംഎല്‍എ എത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. മുന്‍കൂര്‍ ജാമ്യം തേടി എംഎല്‍എ നല്കിയ ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും. ഇതില്‍ കോടതിയുടെ തീരുമാനം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും.
യുവതിയെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തിലാണ് എല്‍ദോസിനെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് യുവതിയുടെ വെളിപ്പെടുത്തലില്‍ ബലാത്സംഗക്കുറ്റം കൂടി എംഎല്‍എയ്ക്കെതിരെ ചുമത്തുകയായിരുന്നു. വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും വീട്ടില്‍ നിന്നും മര്‍ദ്ദിച്ച്് ബലമായി തന്നെ പിടിച്ചുകൊണ്ടുപോയി കോവളത്തുവെച്ച് വീണ്ടും മര്‍ദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എല്‍ദോസ് ഉപദ്രവിച്ചെന്ന് കാണിച്ച് സെപ്തംബര്‍ 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോര്‍ട്ട്, കളമശേരിയിലെ ഫ്ളാറ്റ്, പേട്ടയിലെ യുവതിയുടെ വീട് തുടങ്ങിയ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വിജിലന്‍സന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൈക്കൂലി നല്കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കോവളം എസ്എച്ച്ഒയുടെ സാന്നിധ്യത്തിലും കേസ് പിന്‍വലിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: