ദൈവതുല്യരായല്ല, ദൈവങ്ങളായിത്തന്നെയാണ് സിനിമാതാരങ്ങളെ തമിഴ് മക്കള്‍ കാണുന്നത്. സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഇഷ്ടതാരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുക മാത്രമല്ല, ആരാധനമൂത്ത് ചില നടീനടന്മാര്ക്ക് ക്ഷേത്രങ്ങള്‍ വരെ നിര്‍മിക്കുന്നു. എന്നാല്‍ ഇതിന് ഒരു മറുവശമുണ്ട്. ആരാധനകളേറ്റുവാങ്ങുന്ന താരരാജാക്കന്മാരും താരറാണിമാരും ജീവിതത്തില്‍ നല്ല യാഥാര്‍ത്ഥ്യബോധമുള്ളവരാണ്. പത്ത് വര്‍ഷം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന മക്കള്‍ തിലകം എംജിആര്‍ തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം. സാഹചര്യം ഒത്തുവന്നിട്ടും രാഷ്ട്രീയത്തിലിറങ്ങാതെ മാറിനിന്ന സ്റ്റൈല്‍ മന്നന് രജനീകാന്താണ് മറ്റൊരാള്‍. ഇളയ ദളപതി വിജയ്ക്കുപോലുമുണ്ട് ഈ യാഥാര്‍ത്ഥ്യബോധം. ഇത് തീരെയില്ലാത്ത ഒരാളാണ് മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ ഉലകനായകന് കമല്ഹാസന്.
സിനിമയിലെ താരപരിവേഷവും വീരപരിവേഷവും സമൂഹത്തിലും തനിക്കുണ്ടെന്ന് വിശ്വസിച്ച് നിരുത്തരവാദപരമായി സംസാരിക്കുകയും, തെറ്റായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നയാളാണ് കമല്ഹാസന്. ‘മക്കള്‍ നീതി മയ്യം’ എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് തോല്‍വിയുടെ പരമ്പര ഏറ്റുവാങ്ങിയ ഈ നടന് വീണ്ടുവിചാരം ഉണ്ടാകുന്നതേയില്ല. ഇടതുപക്ഷ ചായ്വും, സ്വയം പ്രഖ്യാപിത പുരോഗമന-ലിബറല്‍ നിലപാടുകളും കമല്‍ഹാസനെ തന്റെ സിനിമകളിലെ ഇമേജിനു ചേരാത്തവിധം പരിഹാസ്യ കഥാപാത്രമാക്കി മാറ്റിയിരിക്കുകയാണ്.
തനിക്ക് വേണ്ടത്ര അറിവോ അനുഭവമോ ഇല്ലാത്ത മേഖലകളിലെ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന രീതിയാണ് കുറെക്കാലമായി കമല്ഹാസന് സ്വീകരിക്കുന്നത്. സൂപ്പര്‍താരമെന്ന നിലയ്ക്കുള്ള പ്രശസ്തിയുടെ ചെലവില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നതില്‍ ഈ നടന് ആവേശഭരിതനും, ചിലപ്പോഴൊക്കെ അഹങ്കാരിയുമാവുന്നു.
സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന നിര്‍ദേശത്തിനെതിരെ കമല്ഹാസന് രംഗത്തുവരികയുണ്ടായി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് റിപ്പബ്ലിക് ടിവിയില്‍ ഇതുസംബന്ധിച്ച് കമല്‍ഹാസനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ ഒരു സംവാദം നടന്നു. തിയേറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകേണ്ടതില്ല എന്നായിരുന്നു കമല്‍ഹാസന്റെ പക്ഷം. ഇന്ത്യയില്‍ ഒരാള്‍ ദേശാഭിമാനിയായിരിക്കുന്നതിനും ദേശത്തെ സ്നേഹിക്കുന്നതിനും, ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുന്നതിനും എന്തിനു ഖേദിക്കുന്നു എന്ന സ്മൃതി ഇറാനിയുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാന് കമല്ഹാസന് കഴിഞ്ഞില്ല. ദേശീയതയെ വര്‍ഗീയമെന്നും മതേതരമെന്നും വേര്‍തിരിക്കുന്നതിനെയും സ്മൃതി ഇറാനി ചോദ്യംചെയ്യുകയുണ്ടായി.
‘ഹിന്ദുഭീകരവാദ’ത്തെ വിമര്‍ശിക്കുന്ന കമല്‍ഹാസന്റെ ലേഖനവും ഈ സംവാദത്തില്‍ വിഷയമായി. താന്‍ ‘ഹിന്ദു തീവ്രവാദ’മെന്നാണ് പറഞ്ഞതെന്നും, തമിഴില്‍നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോള്‍ സംഭവിച്ച തെറ്റാണിതെന്നുമായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ഏകപക്ഷീയമായി സംസാരിക്കുന്നതല്ലാതെ തത്സമയ ചര്‍ച്ചയില്‍ തന്റെ വാദഗതികള്‍ സമര്‍ത്ഥിക്കാന്‍ കമല്ഹാസന് കഴിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംവാദം. മാധ്യമശ്രദ്ധ കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ വസ്തുതാവിരുദ്ധവും അപക്വവുമായ അഭിപ്രായങ്ങള്‍ പറയാനുള്ള പ്രലോഭനത്തില്‍ വീണുപോവുകയാണ് കമല്ഹാസന്. ഏതെങ്കിലും ഒരു വിഷയത്തില്‍ ആവശ്യം വരുമ്പോള്‍ നിലപാട് വ്യക്തമാക്കുന്നതിനു പകരം ശ്രദ്ധപിടിച്ചുപറ്റാന്‍ ബോധപൂര്‍വം അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഒരാള്‍ക്ക് തോന്നും.
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ ശെല്വന്’ എന്ന ചിത്രത്തില്‍ രാജരാജ ചോളനെ ഹിന്ദുരാജാവായി അവതരിപ്പിച്ചിരുന്നു. സംവിധായകന് വെട്രിമാരന് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി. രാജരാജ ചോളന് ഹിന്ദു രാജാവല്ലെന്ന വാദമാണ് വെട്രിരാമന്‍ ഉന്നയിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ പിന്തുണയുമായെത്തിയ കമല്ഹാസന് ഒരുപടികൂടി കടന്ന് ചോളഭരണകാലത്ത് ഹിന്ദുമതം ഇല്ലായിരുന്നു എന്നുതന്നെ പ്രഖ്യാപിച്ചു. ചോളരാജാക്കന്മാര്‍ക്ക് ‘ഹിന്ദു’ എന്ന പേരു നല്‍കിയത് ബ്രിട്ടീഷുകാരായിരുന്നുവത്രേ.
ഹിന്ദുക്കള്‍ക്ക് ആ പേര് നല്‍കിയത് മറ്റുള്ളവരാണെന്നും, അതിന് മുന്‍പ് ഹിന്ദുമതം ഉണ്ടായിരുന്നില്ല എന്നുമുള്ള വാദഗതി പഴഞ്ചനും ബാലിശവുമാണ്. പലരും ഇതിന് മറുപടി പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ ഹിന്ദുക്കളെ ആക്ഷേപിച്ച് അവരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാനും, അവര്‍ ഐക്യപ്പെടുന്നത് ചെറുക്കാനും എതിരാളികള്‍ ഈ വാദം ഇടക്കിടെ ഉന്നയിക്കുന്നു. ഹിന്ദുക്കളുടെ സഹസ്രാബ്ദങ്ങള്‍ നീളുന്ന ചരിത്രവും സംസ്കാരവുമൊക്കെ പഠിക്കുന്നവര്‍ക്ക് ഈ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാവും. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി ഹിന്ദുക്കള്‍ക്ക് ആയിരത്താണ്ടുകളുടെ പാരമ്പര്യമുള്ളതാണ് പലരുടെയും പ്രശ്നം. ‘പൊന്നിയിന്‍ ശെല്‍വ’ത്തിന്റെ വിജയം കണ്ടിട്ടാവാം, സ്വന്തം അജ്ഞതയില്‍നിന്നുള്ള വെട്രിമാരന്റെ അഭിപ്രായത്തെ പിന്തുണയ്ക്കേണ്ട ആവശ്യം കമല്ഹാസന് ഉണ്ടായിരുന്നില്ല. പക്ഷേ രാഷ്ട്രീയ പ്രേരിതമായി അങ്ങനെ ചെയ്യുകയായിരുന്നു.
ചോളഭരണകാലത്ത് ഹിന്ദുമതമില്ലായിരുന്നു എന്നു കമല്ഹാസന് പറയുന്നതിലെ യുക്തിയില്ലായ്മ പ്രകടമാണ്. പ്രാചീനകാലത്ത് സനാതന ധര്മമാണുണ്ടായിരുന്നത്. ഇതേ ധര്‍മത്തെയാണ് പുറത്തുനിന്നു വന്നവര്‍ ഹിന്ദു എന്നു വിളിച്ചത്. പേരില്‍ വന്ന മാറ്റം ഒരുതരത്തിലും സനാതന ധര്‍മത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നില്ല. ഹിന്ദു എന്ന പേരിന് പ്രചാരം കിട്ടിയപ്പോള്‍ സ്വാഭാവികമായും അത് ഉപയോഗിക്കാന്‍ തുടങ്ങി. ഇങ്ങനെ സംഭവിക്കുന്നത് സാമാന്യമായ കാര്യവുമാണ്.
കമല്ഹാസന് പറയുന്ന ചോളഭരണകാലത്തെ കാര്യമെടുക്കാം. ബിസി മൂന്നാം നൂറ്റാണ്ട് മുതലാണ് ചോള സാമ്രാജ്യം. സനാനത ധര്‍മമായിരുന്നു അക്കാലത്തെ തമിഴ് ജനതയുടെയും മതം. അവര്‍ ആരാധിച്ചിരുന്നത് ശിവനെയും വിഷ്ണുവിനെയും ദുര്ഗയെയുമൊക്കെയാണ്. ഈ ദേവീദേവന്മാര് ഹിന്ദുക്കളല്ലെന്നു പറയുമോ? സനാതനധര്‍മം രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിച്ചവരാണ് ചോളരാജാക്കന്മാര്. ഇന്നത്തെ ഇന്തോനേഷ്യയിലെ ശ്രീവിജയ സാമ്രാജ്യം പോലും രാജേന്ദ്ര ചോളന് ഒന്നാമന്റെ കാലത്ത് കീഴടക്കിയിരുന്നു.
ചോളഭരണ കാലത്ത് ഹിന്ദു എന്ന വാക്ക് പ്രചാരത്തിലില്ലായിരുന്നുവെങ്കിലും സനാതനധര്‍മം നിലവിലില്ലായിരുന്നു എന്നു കരുതുന്നത് പരമാബദ്ധമാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. ഒരാള്‍ക്ക് പേരിടുന്നത് അയാള്‍ ജനിച്ച് വളരെ കഴിഞ്ഞാണ് എന്നിരിക്കട്ടെ. അതുവരെ അയാള്‍ ജീവിച്ചിരുന്നില്ല എന്നാണോ അര്‍ത്ഥമാക്കേണ്ടത്? കമല്‍ഹാസന്റെ കാര്യം തന്നെയെടുക്കാം. കമല്‍ഹാസന്റെ ആദ്യ പേര് പാര്‍ത്ഥസാരഥി എന്നായിരുന്നു. വീട്ടില്‍ വിളിച്ചിരുന്നതും അങ്ങനെയാണ്. വളരെ കഴിഞ്ഞാണ് അച്ഛന് കമല്ഹാസന് എന്നുപേരിട്ടത്. ഇതിനര്‍ത്ഥം കമല്ഹാസന് എന്ന വ്യക്തി അതുവരെ ജീവിച്ചിരുന്നില്ല എന്നല്ലല്ലോ.
മനുഷ്യന്റെ പരിണാമ ചരിത്രം പഠിക്കുന്നവര്‍ക്കറിയാം യൂറോപ്യന്മാര് ‘ഹോമോസാപിയന്‍’ എന്നു പേരിട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണെന്ന്. ഇതിന് മുന്‍പ് മനുഷ്യന് ഉണ്ടായിരുന്നില്ല എന്നു ചിന്തിക്കുന്നത് എത്രമാത്രം വിഡ്ഢിത്തമായിരിക്കുമോ അതുപോലെയാണ് ചോളന്മാരുടെ കാലത്ത് ഹിന്ദുക്കളുണ്ടായിരുന്നില്ല എന്നു കമല്ഹാസന് പറയുന്നതും. രാജരാജ ചോളന് ശൈവനായിരുന്നു, ഹിന്ദുവല്ല എന്നു പറയുന്നത് ഒരാള്‍ കത്തോലിക്കനാണ്, പക്ഷേ ക്രൈസ്തവനല്ല എന്നുപറയുന്നതുപോലെയാണെന്ന് ഡോ. കരണ്‍ സിങ് പ്രതികരിച്ചത് ശ്രദ്ധേയമാണ്. ”ശ്രീനഗര്‍ മുതല്‍ രാമേശ്വരം വരെയുള്ള ദശലക്ഷക്കണക്കിനാളുകള്‍ സഹസ്രാബ്ദങ്ങളായി ആരാധിക്കുന്ന പ്രബല ഹിന്ദു മൂര്‍ത്തിയാണ് ശിവന്” എന്നും കരണ്‍ സിങ് കൂട്ടിച്ചേര്‍ക്കുന്നു. ഹിന്ദുക്കളെ വിഭജിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഹിന്ദുത്വവാദികളല്ലാത്ത ഡോ.കരണ്‍ സിങ്ങിനെയും അഭിഷേക് മനു സിങ്വിയെയും പോലുള്ളവര്‍ എതിര്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്.
എന്തുകൊണ്ടാണ് തുടര്‍ച്ചയായി കമല്ഹാസന് എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി ഹിന്ദുവിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും നിലപാടുകളെടുക്കുകയും ചെയ്യുന്നത്? കരണ്‍ താപ്പറുമായുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ കമല്ഹാസന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”ക്രിസ്തുവിന്റെ സന്ദേശം ഞാന്‍ ലോകത്ത് പ്രചരിപ്പിക്കാറുണ്ട്.” ഭരണകൂട പിന്തുണയോടെ ഫാദര്‍ ഗാസ്പര്‍ രാജിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ അതിശക്തവും അപകടകരവുമായ ക്രൈസ്തവല്ക്കരണമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം കമല്‍ഹാസന്റെ ഹിന്ദുവിരുദ്ധ പ്രതികരണങ്ങളെ കാണാന്‍. ഗാസ്പര്‍ രാജിന്റെ സംഘടനയുടെ പേര് ‘തമിഴ് മയ്യം’ എന്നാണ്. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും ‘മക്കള്‍ നീതി മയ്യം’ എന്നായത് യാദൃച്ഛികമോ?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: