മണ്ണാര്‍ക്കാട്: വിചാരണക്കിടെ മധുവിന്റെ അമ്മ മല്ലി കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. കേസിലെ 39-ാം സാക്ഷിയായ മധുവിന്റെ അമ്മ മല്ലി പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞത്. തന്റെ മകന് കള്ളനല്ലെന്നും ഇവര്‍ തല്ലി കൊന്നതാണെന്നും പ്രതികളെ ചൂണ്ടിക്കാട്ടി പറഞ്ഞ് മല്ലി പൊട്ടിക്കരയുകയായിരുന്നു. പിന്നീട് ജഡ്ജി കെ.എം. രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മകള്‍ സരസു ആശ്വസിപ്പിച്ചശേഷമാണ് വിസ്താരം തുടര്‍ന്നത്.
കോടതിക്കുള്ളില്‍ ഇന്നലേയും പ്രതിഭാഗം അഭിഭാഷകര്‍ തമ്മില്‍ വാക്ക്പോര് നടന്നു. അഭിഭാഷകനായ ഷാജിത് മല്ലിയെ വിചാരണ നടത്തികൊണ്ടിരിക്കുമ്പോള്‍ മൊഴിയില്‍ പറഞ്ഞ കാര്യമല്ല ചോദിക്കുന്നതെന്ന് പറഞ്ഞ് അഭിഭാഷകനായ ജോണ്‍ ജോണ്‍ ഇടപെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. പിന്നീട് ജഡ്ജി കെ.എം. രതീഷ് കുമാര്‍ വിചാരണ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മധുവിനെ നോക്കിയില്ലെന്ന് പറയുന്നത് നുണയാണെന്നും തന്റെ മകനെ പോലീസുകാര്‍ കൊല്ലാനല്ല രക്ഷിക്കാനാണ് കൊണ്ടുപോയതെന്നും മല്ലി പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യത്തിന് മറുപടി നല്കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ നിങ്ങള്‍ കൊടുത്തിട്ടില്ലെ എന്ന ചോദ്യത്തിന് പ്രോസിക്യൂട്ടര്‍ക്ക് കേസ് വാദിക്കുന്നതിനു വേണ്ടി പൈസ ഒന്നും കൊടുത്തിട്ടില്ലെന്നും മറ്റും മല്ലി മറുപടി നല്കി.
37-ാം സാക്ഷിയും മല്ലിയുടെ ബന്ധുവുമായ മുരുകനെയും ഇന്നലെ കോടതി വിചാരണ ചെയ്തു. മധുവിനെ മാനസിക പ്രശ്നത്തിന് 2008-ല്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞിരുന്നുവെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കിയതായും മുരുകന് പറഞ്ഞു. മുക്കാലിയിലെ ഡ്രൈവര്‍മാരും കടക്കാരും കടകളില്‍ നിന്ന് സാധനങ്ങള്‍ എടുത്തുവെന്ന് പറഞ്ഞ് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായും മുക്കാലിയില്‍ കൊണ്ടുവന്ന് ഉപദ്രവിച്ചതും കൊണ്ടാണ് മധു മരിച്ചതെന്നും പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയ മുരുകന് പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് പോലീസിന് കൊടുത്ത മൊഴിയില്‍ ഉറച്ചു നിന്നു.
97-ാം സാക്ഷി വി. വിനുവിനെയും ഇന്നലെ കോടതി വിചാരണ ചെയ്തു. 2018 ഫെബ്രുവരി 24ന് കസ്റ്റഡിയിലെടുത്ത ഡിവിആറും മൊബൈല്‍ ഫോണുകളും പരിശോധിച്ചതും ഇതേമാസം 26ന് ശ്രീരാഗ് ബാക്കറിയില് നിന്നും ഡിവിആര്‍ കസ്റ്റഡിയിലെടുത്തും സിസിടിവി ക്യാമറയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ ഡിവിഡിയിലാക്കിയതും താനാണെന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന് വിനു മറുപടി നല്കി.
വിനുവിന്റെ വിസ്താരം ഇന്നും തുടരും. 38-ാം സാക്ഷിയും മധുവിന്റെ സഹോദരിയുമായ ചന്ദ്രികയെ വിസ്തരിച്ചില്ല. ഇന്ന് 98-ാം സാക്ഷി റിയാസിനേയും, 100 മുതല്‍ 103 വരെ സാക്ഷികളെ ഇന്ന് വിസ്തരിക്കും. 99-ാം സാക്ഷി സുന്ദരി, 100-ാം സാക്ഷി മുഹമ്മദ് ഹനീഫ എന്നിവരുടെ സാക്ഷി വിചാരണ 18 ലേക്ക് മാറ്റിയതായി പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: