രാജക്കാട്: ശാന്തമ്പാറ പഞ്ചായത്തില്‍ വീണ്ടും നീല വസന്തം. കള്ളിപ്പാറയിലെ 3 മലമടക്കുകളിലാണ് കുറിഞ്ഞി പൂത്ത് നീലപ്പട്ടണിഞ്ഞത്. ശാന്തമ്പാറ തേക്കടി സംസ്ഥാന പാതയില്‍ ശാന്തമ്പാറ നിന്ന് 6 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെ നിന്ന് ജീപ്പ് റോഡുവഴി ഒരു കി.മീ. സഞ്ചരിച്ച ശേഷം ഒരു കി.മീറ്ററോളം കുത്തനെയുള്ള മലകയറിയാല്‍ കള്ളിപ്പാറയിലെത്താം.
കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിട്ടത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന സഹ്യന്റെ ഭാഗമായ കള്ളിപ്പാറ മലനിരകള്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് മുതല്‍കൂട്ടാണ്. ഇവിടെ നൂറ് കണക്കിന് നിലക്കുറിഞ്ഞി ചെടികളാണ് കൂട്ടത്തോടെ പൂവിട്ട് നില്‍ക്കുന്നത്.
ഈ മലനിരകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ തമിഴ്നാടിന്റെ ഭാഗമായ തേനി ജില്ലയിലെ വിവിധ സ്ഥലങ്ങളും കാണാനാകും. വിവരമറിഞ്ഞ് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ ജനങ്ങള്‍. മൂന്നാറില്‍ 2018ല്‍ പൂത്ത നീലക്കുറിഞ്ഞ തന്നെയാണ് ഇതെന്നും സ്ഥലം സന്ദര്‍ശിക്കുമെന്നും നീലക്കുറിഞ്ഞ പഠനത്തില്‍ ഡോക്ടറേറ്റ് എടുത്ത റിട്ട. പ്രൊഫ. ജോമി അഗസ്റ്റിന് പറഞ്ഞു.
അതേ സമയം സഞ്ചാരികള്‍ ഇവ നശിപ്പിക്കാതിരിക്കാന്‍ വേണ്ട നടപടി പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് നടത്തണമെന്ന ആവശ്യവും ശക്തമാണ്. 2019ല്‍ ഇതിന് സമീപം തോണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു. 2021ല്‍ തൊടുപുഴക്ക് സമീപം കുടയത്തൂരിലെ ചക്കിക്കാവ് മലനിരകളിലും നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. ഇവിടെ എല്ലാം വലിയ തോതില്‍ പൂക്കള്‍ പറിച്ച് നശിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: