ന്യൂദല്‍ഹി: പ്രസിഡന്റിനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ മൂന്നിലൊന്നു പരെ തിരിച്ചറിയാനാകുന്നില്ല. വെറും പേരുമാത്രം രേഖപ്പെടുത്തിയിട്ടുള്ള 3267 വോട്ടര്മാരാമുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇത്രയും പേര്‍ക്ക് പട്ടികയില്‍ വിലാസമോ പ്രതിനിധീകരിക്കുന്ന ബൂത്തിന്റെ വിവരങ്ങളോ ഇല്ല. ഫോണ്‍ നമ്പരോ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 9,000 ലേറെ വോട്ടര്‍മാരാണുള്ളത്.
കേരളത്തില്‍ നിന്നുള്ള 35 പിസിസി പ്രതിനിധികള്‍ക്കു പട്ടികയില്‍ വിലാസമില്ല.
ബിഹാര്‍ (696 പേര്), കര്‍ണാടക (502), തമിഴ്നാട് (711), ബംഗാള്‍ (522), ചണ്ഡിഗഡ് (35), ഹിമാചല്‍ പ്രദേശ് (94), ജമ്മു കശ്മീര്‍ (336), ലഡാക്ക് (16), ലേ (17), ലക്ഷദ്വീപ് (29), മേഘാലയ (56), മിസോറം (67), സിക്കിം (22) എന്നിവിടങ്ങളിലെ പിസിസികള്‍ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പ്പിച്ച വോട്ടര്‍മാരുടെ പട്ടികയില്‍ ഒരാള്‍ക്കു പോലും മേല്‍വിലാസമില്ല. ഇവര്‍ പ്രതിനിധീകരിക്കുന്ന ബൂത്തും രേഖപ്പെടുത്തിയിട്ടില്ല.
യുപിയിലെ 1247 പേരില്‍ 129 പേര്‍ക്കു വിലാസമില്ല. വോട്ടെടുപ്പില്‍ പേര് മാത്രം പരിശോധിച്ച് ഇവര്‍ യഥാര്‍ഥ വോട്ടറാണോ എന്ന് എങ്ങനെ ഉറപ്പിക്കുമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പു സമിതിക്കും വ്യക്തതയില്ല. പ്രചാരണത്തിനായി ഈ പട്ടികയാണു സ്ഥാനാര്‍ഥികള്‍ക്കു സമിതി നല്‍കിയിരിക്കുന്നത്. ഫോണ്‍ നമ്പരോ ബൂത്തോ ലഭ്യമല്ലാത്തതിനാല്‍ ഇവരൊക്കെ ആരാണെന്നു മനസ്സിലാക്കുക പോലും വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: