കൊച്ചി : ട്രാന്‍സ്‌പോര്‍ട്ട് ക്മ്മിഷണര്‍ എസ്. ശ്രീജിത്തിനോട് റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെ ഹാജരായപ്പോഴാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇത്തരത്തില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത്.
റോഡ് സേഫ്റ്റി കമ്മിഷണറുടെ ഉത്തവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍ എസ്. ശ്രീജിത്ത് ഇതുസംബന്ധിച്ച് വിശദീകരണവും നല്‍കി. വടക്കാഞ്ചേരിയിലെ അപകടം ഹൃദയഭേദകമാണെന്ന് പറഞ്ഞ ഹൈക്കോടതി റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ടെന്നും അറിയിച്ചു. വടക്കാഞ്ചേരി അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കോടതിയില്‍ പറഞ്ഞു. ഒരാള്‍ക്ക് ഒറ്റയ്‌ക്ക് ഒന്നും ചെയ്യാന്‍ ആവില്ല എന്ന് അറിയാമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.
അതേസമയം അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് എസ്. ശ്രിജിത്ത് അറിയിച്ചപ്പോള്‍ എന്നിട്ടും സംസ്ഥാനത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോയെന്നും കോടതി പറഞ്ഞു. 1.67 കോടി വണ്ടികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്നത്. ഇവ പരിശോധിക്കാനായുള്ളത് 368 ഉദ്യോഗസ്ഥര്‍ മാത്രമാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആര്‍ടിഒ കണ്‍ട്രോള്‍ റൂമിലും സ്വകാര്യ ബസ് ഉടമയ്‌ക്കും നിര്‍ദ്ദേശം പുറത്തിറങ്ങുകയും ചെയ്തിരുന്നതായും ശ്രീജിത്ത് കോടതിയില്‍ അറിയിച്ചു.
എന്നാല്‍ അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മടിക്കുന്നത്. റോഡില്‍ ഇറങ്ങിയാല്‍ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് കാണുന്നത്. മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണ്. ഏത് തരത്തിലും വണ്ടി ഓടിക്കാന്‍ ഇവര്‍ക്ക് എവിടുന്നു ധൈര്യം കിട്ടുന്നു. റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും കമ്മിഷണര്‍ക്കാണെന്നും വടക്കാഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണം. റോഡില്‍ പുതിയൊരു സംസ്‌കാരം വേണം, ഈ അപകടം അതിനൊരു നിമിത്തമായി എടുക്കണം അശ്രദ്ധ മൂലം വീണ്ടും അപകടങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: