തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓരോ വാഹനത്തിന് പിന്നാലെ പോയി പരിശോധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. പടിപടിയായി പരിശോധന വ്യാപകമാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്.
ഗതാഗത വകുപ്പില്‍ 368 എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. പെട്ടന്ന് എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും സാധ്യമല്ല. അതിനാല്‍ സാവധാനമാണ് നടപടി സ്വീകരിക്കേണ്ടത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും. ഡീലര്‍മാരുടെ സഹായത്തോടെ പല വണ്ടികളിലും സ്പീഡ് ഗവര്‍ണര്‍ അഴിച്ചുവെയ്ക്കുന്ന പ്രവണതയുണ്ട്. ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും. ജിപിഎസ് സംവിധാനം പരമാവധി എല്ലാ വണ്ടികളിലും സ്ഥാപിക്കും. ഇല്ലെങ്കില്‍ ഇനിമുതല്‍ ടെസ്റ്റ് എടുക്കാന്‍ സാധിക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദ യാത്രകള്‍ക്കായി രാത്രിയില്‍ പോകുന്നത് വിലക്കി 2007ല്‍ ഉത്തരവ് ഇറക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത് അട്ടിമറിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഈ സര്‍ക്കുലറില്‍ രാത്രി യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും രാത്രി ഒമ്പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2013-ല്‍ മറ്റൊരു സര്‍ക്കുലര്‍ ഇറക്കി ഈ നിര്‍ദ്ദേശങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: