ന്യൂദല്‍ഹി: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 2023 മുതല്‍ അഗ്നിവീര്‍ റിക്രൂട്ട്മെന്‍റില്‍ വ്യോമസേന വനിതകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമെന്ന് വ്യോമസേ മേധാവി വി.ആര്‍.ചൗധരി.
“വനിതാ അഗ്നിവീരകളെ അടുത്ത വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തും. 10 വര്‍ഷം കഴിഞ്ഞ് വ്യോമസേന അതിന്റെ 100-ാം വര്‍ഷികം ആഘോഷിക്കുമ്പോള്‍ ഈ മേഖലയെ ആധുനികവും ഭാവികാലസജ്ജവും സാങ്കേതികമായി ഉല്‍കൃഷ്ടവും ആക്കി പരിവര്‍ത്തനപ്പെടുത്താനുള്ള അവസരമാണിത്”. -വി.ആര്‍. ചൗധരി പറഞ്ഞു. “വ്യോമസേനയില്‍ സ്ത്രീകളുടെ സേവനം പ്രയോജനപ്പെടുത്താനും സമയം വരുമ്പോള്‍ അവരെ വളര്‍ത്താനും ആലോചിക്കുകയാണ്. തുറന്ന മനസ്സോടെയാണ് അവരെ വ്യോമസേനയിലേക്ക് സ്വാഗതം ചെയ്യുന്നത്.” – വ്യോമസേന മേധാവി പറഞ്ഞു.
ഒക്ടോബര്‍ എട്ടിന് വ്യോമസേന അതിന്റെ 90-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. നേരത്തെ കരസേനയും നാവിക സേനയും അഗ്നിവീരകളായി വനിതകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ 14നാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി തുടങ്ങിയത്. 2022ല്‍ 46,000 അഗ്നിവീരരെ സേനയുടെ ഭാഗമാക്കും. നാല് വര്‍ഷമാണ് ഇവരുടെ സേവന കാലാവധി. അത് കഴിഞ്ഞാല്‍ 25 ശതമാനം പേരെ നിലനിര്‍ത്തും.
















