വൈഷ്ണവം, ശൈവം, ശാക്തേയം എന്നിങ്ങനെ ഭക്തിയുടേയും വിശ്വാസത്തിന്റെയും ആരാധനയുടെയും മൂന്നുപുഴകള്‍. പുഴകള്‍ മൂന്നെങ്കിലും പ്രവാഹം ഒന്നുമാത്രം. മൂന്നും കൂടിച്ചേര്‍ന്നാല്‍ പുഴ ഒന്ന്.
‘ശ്’ ശബ്ദത്തിന് ഐശ്വര്യമെന്നും ‘ക്തി’ എന്നതിന് പരാക്രമമെന്നും അര്‍ത്ഥമുണ്ട്. ഐശ്വര്യവും പരാക്രമവും സ്വരൂപമായിരിക്കുന്നവള് ശക്തി. ജ്ഞാനം, സമൃദ്ധി, സമ്പത്തി, യശസ്സ്, ബലം, ഭഗം- ഇവകൂടിച്ചേര്ന്നവള് ഭഗവതി. അതിനാല്‍ ശക്തി എന്ന പദത്തിന് ഭഗവതി, പാര്‍വതി, ദേവി, അംബിക എന്നെല്ലാം നാമരൂപങ്ങള്‍. ദേവീഭാഗവതം പഞ്ചമസ്കന്ധം, നവമസ്കന്ധം ‘ശക്തി’യുടെ വീരകഥകളും അത്ഭുതകഥകളും വിസ്തരിക്കുന്നു.
ശക്തിയെ സംബന്ധിക്കുന്നത് ശാക്തേയം. ഇച്ഛ-ജ്ഞാന-ക്രിയാശക്തികള്‍തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും കാരണഭൂതങ്ങള്‍. പിണ്ഡാണ്ഡം ദേഹം (മൈക്രോ). ബ്രഹ്മാണ്ഡം വിശ്വം (മാക്രോ). ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണ് കുണ്ഡലിനിയ്കര്‍ത്ഥം. സുഷുമ്നാനാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനിശക്തിയുടെ ആവാസമന്ദിരം. ജഗത്മാതാവിന്റെ മരീചിമാലകളാണ് ഷഡ്ചക്രങ്ങള്‍. അതിസൂക്ഷ്മദൃഢതന്ത്രീരൂപങ്ങളായ നാഡികള്‍ സചേതനമാക്കുന്ന ദേഹശക്തികള്‍ക്ക് മൂലസ്ഥാനം ഷഡ്ചക്രങ്ങളാകുന്നു.
ഷഡ്ചക്രപ്രതിപാദനം ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിതയാകുന്നു. മൂലാധാരചക്രത്തില്‍ പൃഥ്വീതത്വം. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്വം. മണിപൂരകചക്രത്തില്‍ ജലതത്വം. വായുതത്വം അനാഹതചക്രത്തില്‍. വിശുദ്ധിചക്രത്തില്‍ ആകാശതത്വം. അങ്ങനെ നാം ശ്രീചക്രരൂപിയായ സഹസ്രദളകമലത്തിലെത്തുകയായി. ഇതത്രെ ബിന്ദു. ബിന്ദുവിന്റെ പരിണാമമാണ് വിശ്വമണ്ഡലം. ശ്രീചക്രം ശിവശക്തികളുടെ വാസസ്ഥലം. അണുപ്രപഞ്ചവും വിരാട്പ്രപഞ്ചവും ഒന്നെന്ന അഭേദചിന്തയില്‍ നാം എത്തിച്ചേരുകയായി. ഈ ഭാരതീയദര്‍ശനത്തെ ആധുനികശാസ്ത്രവും ഇപ്പോള്‍ അംഗീകരിക്കുന്നു.പരാശക്തിയുടെ ആരാധനം മൂന്നുവിധത്തിലാണ്- കൗളം, സമയം, മിശ്രകം. സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങളില്‍ ശ്രീചക്രത്തെ ലേഖനം ചെയ്ത് ജഗന്മാതാവിനെ ധ്യാനിച്ചു നടത്തുന്ന ഉപചാരപൂജയാണ് കൗളം. പൂര്‍വകൗളം, ഉത്തരകൗളം എന്ന് കൗളമതം രണ്ടുവിധം. രണ്ടിലേയുമുപാസകര്‍ ബാഹ്യപൂജയില്‍ പഞ്ചമകാരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. താന്ത്രികന്മാരുടെ പഞ്ചമകാരങ്ങള്‍ മദ്യം, മാംസം മത്സ്യം, മുദ്ര, മൈഥുനം എന്നിവയത്രെ. ശിവന് ‘ആനന്ദഭൈരവന്’ എന്നും ‘നവാത്മാ’ എന്നും കൗളമതത്തില്‍ നാമങ്ങള്‍. ശക്തിയെ ‘ആനന്ദഭൈരവി’, ‘കൗളിനി’ എന്നും വിളിക്കുന്നു. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ. കാലവ്യൂഹം, കുലവ്യൂഹം, നാമവ്യൂഹം, ജ്ഞാനവ്യൂഹം, ചിത്തവ്യൂഹം, നാദവ്യൂഹം, ബിന്ദുവ്യൂഹം, കലാവ്യൂഹം, ജീവവ്യൂഹം എന്നിവയത്രെ നവവ്യൂഹങ്ങള്‍.
വസിഷ്ഠസംഹിത, ശുകസംഹിത, സനന്ദനസംഹിത, സനകസംഹിത, സനല്‍കുമാരസംഹിത എന്നിവയ്ക്ക് ശുഭാഗമപഞ്ചകം അഥവാ തന്ത്രപഞ്ചകം എന്നുവിളിപ്പേര്. ഇവയില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് ‘സമയം’. യോഗിയുടെ ചിത്തവൃത്തിനിരോധിതമായ ഹൃദയഭൂമികയാണ് ചിദാകാശം. സമയമതത്തില്‍ ശ്രീചക്രം സൃഷ്ടിക്രമത്തിലാണ് ആലേഖനം ചെയ്യുന്നത്. സമയസിദ്ധാന്തത്തില്‍ ശ്രീചക്രത്തിന് ഇരുപത്തിനാല് മര്മങ്ങളും നാല്പത്തിമൂന്ന് കോണങ്ങളും ഇരുപത്തിനാലുസന്ധികളുമാണുള്ളത്. ശക്തിപൂജയില്‍ ഏറെ പ്രാധാന്യം സമയമതത്തിനാണ്.
കൗളസിദ്ധാന്തവും സമയസിദ്ധാന്തവും ഒന്നുചേര്‍ന്നതാണ് മിശ്രകം. ‘മിശ്രകം കൗളമാര്‍ഗം ച പരിത്യാജ്യം’ (മിശ്രകവും കൗളവും പരിത്യജിക്കേണ്ടതാകുന്നു) എന്ന് ശാക്ത്യന്‍ ദേവിയോടുതന്നെ പ്രാര്‍ത്ഥിക്കുന്നുണ്ട്.
നാനാത്വദര്‍ശനമവസാനിക്കുമ്പോഴേ ദേവീദര്ശനസാഫല്യമുണ്ടാവുകയുള്ളൂ. അതിനായി നാം പ്രാര്‍ത്ഥിക്കുക: ‘നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: