ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ചെന്നൈയില്‍ എത്തിയിട്ടുണ്ട്. രാത്രി 8:30 ഓടെയാണ് അന്ത്യം. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടന്‍ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. കോടിയേരിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനം നീട്ടിയിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മോശം ആയതിനെ തുടര്‍ന്നാണ് അദേഹം സന്ദര്‍ശനം മാറ്റിയത്.
രോഗബാധയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിഞ്ഞു. 2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നു.
1980-82ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17–ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.
1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006-11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. ഭാര്യ: എസ് ആര് വിനോദിനി മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: