ന്യൂദല്‍ഹി: 68ാമത് ദേശീയ ചലച്ചിത്രപുരസ്കാര വിതരണ വേദി സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തിന്. ഭാരതത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ വനിതയായ രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് ആദ്യമായി ഗോത്രവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി ദേശീയ ചലച്ചിത്ര പുരസ്കാരനിറവിലേക്ക് നടന്നുകയറിയ ഗായിക. ഇതായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എഴുത്തും വായനയും അറിയാത്ത നഞ്ചിയമ്മയും 68ാമത് ദേശീയ ചലച്ചിത്രപുരസ്കാര വിതരണ വേദിയില്‍ തമ്മില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ മുഖാമുഖ നിമിഷത്തിന്റെ കാതല്‍.
അങ്ങിനെ ഏറെ കാത്ത്കാത്തിരുന്ന ആ അഭിമാനമുഹൂര്‍ത്തത്തെ എഴുന്നേറ്റ് നിന്ന് സദസ്സ് ആദരം പ്രകടിപ്പിച്ച് കരഘോഷം മുഴക്കിയപ്പോള്‍ ശുഭകരമായ പരിസമാപ്തി. വെള്ളിയാഴ്ച നടന്ന ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് സാക്ഷ്യം വഹിച്ചത് ഈ അത്യപൂര്‍വ്വ ചരിത്രസാക്ഷ്യത്തിന്.
മികച്ച ഗായികയ്ക്കുള്ള പുരസ്കാരത്തിനുള്ള പേര് വിളിച്ചപ്പോള്‍ നഞ്ചിയമ്മ നിറചിരിയോടെയാണ് വേദിയിലെത്തിയത്. ദ്രൗപദി മുര്‍മുവാകട്ടെ ഗൗരവം വിടാതെ ആ നിമിഷത്തിന് മിഴിവേകി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും വേദിയില്‍ സന്നിഹിതനായിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതാണ് നഞ്ചിയമ്മയെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മികച്ച നടനുള്ള പുരസ്കാരം തമിഴ്നടന്‍ സൂര്യയും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് മലയാളിയായ അപര്‍ണ്ണ ബാലമുരളിയും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: