മുംബൈ: ആര്‍എസ് എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് മഹാരാഷ്ട്രയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പോപ്പുലര്‍ നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ് എസ് ആസ്ഥാനവും പോപ്പുലര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതെന്ന് ചില വാര്‍ത്താവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
“ഇത് അങ്ങേയറ്റം അമ്പരപ്പിക്കുന്നതും അപലപിക്കേണ്ടതുമായ സംഭവമാണ്. ഇത് രാജ്യതാല്പര്യത്തിന് എതിരുമാണ് പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തിരമായി നിരോധിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനോടുള്ള പോപ്പുലര്‍ ഫ്രണ്ട് അനുയായികളുടെ പ്രതികരണം അറിയണം. “- മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധസെല്ലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേ മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ അതുല്‍ ഭത്കല്കര് പറഞ്ഞു.
“ഭീകരവാദ വിരുദ്ധ സെല്ലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടും ശരത് പവാറും ഉദ്ധവ് താക്കറെയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇവരുടെ നിലപാടുകള്‍ എന്താണ്? പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ? കഴിഞ്ഞ രണ്ടര വര്‍ഷക്കാലം മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ ഒരു നിലപാട് പറഞ്ഞേ മതിയാവൂ. അദ്ദേഹം ഭരിയ്ക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് സംബന്ധിച്ചിടത്തോളം എന്തൊക്കെ കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ നടന്നുകൊണ്ടിരുന്നത്? ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന് അറിയുന്ന വിവരങ്ങള്‍ പുറത്തുവിടണം”- ബിജെപി എംഎല്‍എ പറഞ്ഞു.
അറസ്റ്റിലായ 19 പോപ്പുലര്‍ ഫ്രണ്ടുകാരെ ദല്‍ഹി എന്‍ ഐഎ കോടതി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. സെപ്തംബര്‍ 22നാണ് ഓപ്പറേഷന് ഒക്ടോപസ് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യയിലുടനീളം 15 സംസ്ഥാനങ്ങളില്‍ 93 ഇടങ്ങളിലായി റെയ്ഡ് നടന്നത്. 106 പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ 22 പേരെ തടഞ്ഞുവെച്ചിരിക്കുകയാണ്. 13 പേര് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്ന ആരോപണമുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തില്‍ പങ്കാളികളാണ്.
ഇതില്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേരള പൊലീസ് കണ്ണൂരിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും കടകളിലും മറ്റ് സ്ഥാനപനങ്ങളിലും റെയ്ഡ് തുടരുകയാണ്. കണ്ണൂര്‍ ഡിസിപി കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി,മട്ടന്നൂര്‍, കണ്ണപുരം എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും നീതിനിര്‍വ്വഹണത്തിന് മറ്റ് ബദല്‍ സംവിധാനങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നുവെന്നും എന്‍ഐഎ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റില് ഒരു പ്രത്യേക സമുദായത്തിലെ ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: