പട്ന: ബീഹാറില്‍ ബിജെപിയെ പുറത്താക്കി തേജസ്വി യാദവുമായി ചേര്‍ന്ന് ഭരണത്തിലേറിയ നിതീഷ് കുമാറുമായുള്ള മധുവിധു ആര്‍ജെഡി അവസാനിപ്പിച്ചു. ഇപ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം തേജസ്വി യാദവിന് നല്‍കണമെന്ന ആവശ്യം മുഴക്കിയിരിക്കുകയാണ് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി.
ഒരു ആശ്രമം തുറന്ന് യുവതലമുറയ്‌ക്ക് പരിശീലനം നല്‍കുന്നതാണ് നിതീഷ് കുമാറിന് നല്ലതെന്നും ശിവാനന്ദ് തിവാരി പരിഹസിച്ചു. ആശ്രമം തുറന്ന് യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ താല്‍പര്യമുണ്ടെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയെയാണ് ശിവാനന്ദ് തിവാരി പരിഹസിച്ചത്. തേജസ്വി യാദവിന് മുഖ്യമന്ത്രിപദം കൈമാറിയ ശേഷം ആശ്രമം തുറക്കുന്നതാണ് നല്ലതെന്നും ശിവാനന്ദ് തിവാരി പറയുന്നു. ജെഡിയു-ആര്‍ജെഡി മഹാസഖ്യം രൂപീകരിച്ച് രണ്ട് മാസം തികയുമ്പോഴാണ് പുതിയ പൊട്ടലു ചീറ്റലും പുറത്തുവന്നിരിക്കുന്നത്.
പട്നയില്‍ ഈയിയെ നടന്ന ആര്‍ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ശിവനന്ദ് തിവാരി ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ തന്നെ ലാലുപ്രസാദ് യാദവ് ആര്‍ജെഡി കേന്ദ്രകമ്മിറ്റി ഓഫീസില്‍ വരവ് തുടങ്ങിയിരിക്കുകയാണ്. ഇവിടെ നിന്നാണ് ഭരണത്തിലിരിക്കുന്ന ആര്‍ജെഡി മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങള്‍ പോകുന്നതെന്ന് അറിയുന്നു.
ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ വിലകുറഞ്ഞ പ്രസ്താവനയ്‌ക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ് ജെഡിയു. ആശ്രമം തുറന്ന് നിതീഷ് കുമാര്‍ തപസ്സിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ തിരിച്ചടിച്ചു. ഏതാനും നാളുകള്‍ക്ക് മുന്‍പ് ആര്‍ജെഡി മന്ത്രിയായ സുധാകര്‍ സിങ്ങ് നിതീഷ് കുമാറിനെയും സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കൃഷി വകുപ്പില്‍ നിറയെ അഴിമതിയാണെന്നായിരുന്നു കൃഷി മന്ത്രികൂടിയായ സുധാകര്‍ സിങ്ങിനെ പരാതി. നേരത്തെ ലാലു പ്രസാദ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ വന്‍ അഴിമതി നടത്തിയ വ്യക്തിയാണ് സുധാകര്‍ സിങ്ങ്. ക്രിമിനല്‍കേസില്‍ പ്രതിയായ ആര്‍ജെഡി നേതാവ് കാര്‍ത്തിക് കുമാറിനെ നിയമമന്ത്രിയാക്കിയതിന് ബിജെപി നിതീഷ്കുമാറിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ത്തിക് കുമാറിനെ കരിമ്പ് വകുപ്പിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: