കണ്ണൂര്‍ : ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പോലീസ്. കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപകമായി പിഎഫ്ഐ പ്രവര്‍ത്തകര്‍ പെട്രോള്‍ ബോബ് എറിയുകയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ പദ്ധതി പ്രകാരമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോള്‍ ബോംബ് ഉപയോഗിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹര്‍ത്താല്‍ പ്രഖ്യാപനം പ്രതീക്ഷിക്കാതെ ആയതിനാല്‍ ജനങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ ഭീതിയുണ്ടാക്കാന്‍ കഴിയുന്നതുമായ പെട്രോള്‍ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കള്‍ അണികള്‍ക്ക് നിദ്ദേശം നല്‍കിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപകമായി അക്രമണം നടത്തിയ 13 പിഎഫ്ഐ നേതാക്കളാണ് ഇതുവരെ അറസ്റ്റിലായത്. 80 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഹര്‍ത്താലിന് ആഹ്വാനം നല്കിയ നേതാക്കള്‍ക്കെതിരേയും കേസുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്.
വെള്ളിയാഴ്ച ഇരിട്ടിയില്‍ വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന ആള്‍ക്ക് നേരെയും പാലോട്ട് പള്ളിയില്‍ ലോറിക്ക് നേരെയും മട്ടന്നൂരില്‍ ആര് എസ് എസ് കാര്യാലയത്തിന് നേര്‍ക്കും പത്രവാഹനത്തിന് നേരെയുമാണ് പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. പാപ്പിനിശ്ശേരിയില്‍ ബോംബുമായി ഒരു പിഎഫ്ഐ പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തു. സ്കൂട്ടറില്‍ പെട്രോള്‍ ബോംബുമായി പോകുമ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. മാങ്കടവ് സ്വദേശി അനസാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: