കൊച്ചി: എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഇരിക്കപൊറുതി മുട്ടി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ജിതിന്‍ നിരപരാധിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. കള്ളക്കേസില്‍ കുടുക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസ് ലഹരി കലര്‍ന്ന ചോക്ലേറ്റ് നല്‍കിയെന്ന് കെ. സുധാകരന്‍ ആരോപിച്ചു. പിന്നീട് പ്രവര്‍ത്തകനെ ലഹരിചികിത്സാ കേന്ദ്രത്തില്‍ ആക്കേണ്ടിവന്നു. നിലവില്‍ എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും അത്തരത്തില്‍ ചോക്ലേറ്റ് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പോലീസിന്റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എകെജി സെന്ററല്ല, അതിനപ്പുറെത്ത സെന്റര്‍ വന്നാലും ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും സുധാകരന്‍ പറഞ്ഞു.
ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവില്‍ പതിനൊന്നരയോടു കൂടിയായിരുന്നു ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷന്‍ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. സംഭവം നടന്ന ജൂണ്‍ 30 രാത്രിയില്‍ എകെജി സെന്ററിന് സമീപത്തെ ടവര്‍ ലൊക്കേഷനില്‍ ജിതിന്‍ ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: