ന്യൂദല്‍ഹി: മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി നവയുഗ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളല്ല, മറിച്ച് മുഖ്യധാരാ മാധ്യമ ചാനലുകള്‍ തന്നെയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഏഷ്യാപസഫിക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബ്രോഡ്കാസ്റ്റിംഗ് ഡവലപ്മെന്റിന്റെ (എഐബിഡി) 47ാമത് വാര്‍ഷിക സമ്മേളനവും 20ാമത് യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വസ്തുതകളെ അഭിമുഖീകരിക്കുകയും സത്യം അവതരിപ്പിക്കുകയും എല്ലാ കക്ഷികളെയും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം. അതിഥിയെ സംബന്ധിച്ച ചാനലുകളുടെ തീരുമാനങ്ങള്‍, ധ്വനി, ദൃശ്യങ്ങള്‍ എന്നിവ പ്രേക്ഷകരുടെ ദൃഷ്ടിയില് മാധ്യമങ്ങളുടെ വിശ്വാസ്യത നിര്‍വചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കോവിഡ് സമയത്ത് അംഗരാജ്യങ്ങളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചതിനും മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള നിരന്തരമായ സംഭാഷണം നടത്തുന്നതിനും മുന്‍കൈ എടുത്ത എഐബിഡി നേതൃത്വത്തെ അനുരാഗ് ഠാക്കൂര്‍ അഭിനന്ദിച്ചു.
എഐബിഡി ഡയറക്ടര്‍ ഫിലോമിനയെയും, എഐബിഡി ജനറല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് മയങ്ക് അഗര്‍വാളിനെയും ഏഷ്യാ പസഫിക് മേഖലയില്‍ കൊവിഡ് മഹാമാരിക്കെതിരെ ശക്തമായ മാധ്യമ പ്രതികരണം കെട്ടിപ്പടുക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച അംഗരാജ്യങ്ങളെയും ഠാക്കൂര്‍ അഭിനന്ദിച്ചു. നല്ല നിലവാരമുള്ള ഉള്ളടക്ക വിനിമയ മേഖലയില്‍ സഹകരണം സ്ഥാപിക്കാന്‍ അംഗരാജ്യങ്ങളെ ഠാക്കൂര്‍ ആഹ്വാനം ചെയ്തു.
പൊതു ധാരണകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്താന്‍ ശാക്തീകരണത്തിന്റെ ഫലപ്രദമായ ഉപകരണമായ മാധ്യമങ്ങള്‍ക്ക് അപാരമായ കഴിവുണ്ട്. മാധ്യമ ആവാസവ്യവസ്ഥ കൂടുതല്‍ ഊര്‍ജ്ജസ്വലവും സഫലവുമാക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രക്ഷേപകര്‍ക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുഗനും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: