തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി. സംസ്ഥാന ഗവര്‍ണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അഴിമതിക്കും സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങള്ക്കുമെതിരെയാണ് ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
പൊതു ചടങ്ങിനിടെ ഗവര്‍ണര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സര്‍ക്കാരും പോലീസുമാണ് കേരളത്തിലുള്ളത്. ഗവര്‍ണര്‍ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്. സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവര്‍ണര്‍ക്ക് നീതി ലഭിക്കാത്ത നാട്ടില്‍ ഏതു സാധാരണക്കാരന് നീതി ലഭിക്കുന്നത്.
തന്നെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉന്നയിച്ചത്. പിണറായി വിജയന് ഇതിന് മറുപടി നല്‍കണം. കേരളത്തിലെ പോലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താല്‍ അതിനെതിരെ പരസ്യമായി സിപിഎം രംഗത്തു വരികയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ഡിവൈഎഫ്ഐക്കാരെ സംരക്ഷിക്കാന്‍ കോഴിക്കോട് പോലീസ് കമീഷണര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തു വന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്താല്‍ പോലീസിനെതിരെ ഇവര്‍ വാളെടുക്കും. പ്രതികള്‍ സിപിഎമ്മാണെങ്കില്‍ പോലീസിന് ഒരു നടപടിയും സ്വീകരിക്കാനാകില്ല.
ഗവര്‍ണര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖമന്ത്രി വ്യക്തമായ ഉത്തരം നല്‍കാതെ ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ അധിപനായ ഗവര്‍ണര്‍ ഫോണ്‍ ചെയ്താല്‍ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തില്‍ മാത്രമാണുള്ളത്. അഴിമതിക്കും സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ക്കും വഴിവിട്ട നിയമനങ്ങള്‍ക്കും എതിരെയാണ് ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാര്‍ട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: