ഗുവാഹത്തി: അസമിലെ ഐഐടിയായ ഗുവാഹത്തി ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ വെള്ളിയാഴ്ച രാത്രി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ശനിയാഴ്ച ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ സൂര്യനാരായണ്‍ പ്രേം കിഷോറിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഐഐടി ഗുവാഹത്തി ഡിസൈന്‍ ഡിപാര്‍ട്മെന്‍റിലെ ഡിസൈന്‍ വിദ്യാര്‍ത്ഥിയാണ് സൂര്യനാരായണ്‍ പ്രേംകിഷോര്‍. ഗുവാഹത്തിയിലെ ബ്രഹ്മപുത്ര നദിയ്‌ക്ക് കുറുകെ അമിന്‍ഗാവോണ്‍ പ്രദേശത്താണ് ഐഐടി ജി നില്‍ക്കുന്നത്.
“വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. റൂമില്‍ നിന്നും കണ്ടെടുത്ത ജഡം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു”- കാമരൂപ് പൊലീസ് സൂപ്രണ്ട് ഹിതേഷ് റേ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ഇനിയും മരണകാരണം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല.
ഡിസൈന്‍ ഡിപാര്‍ട്മെന്‍റിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ സൂര്യനാരായണ്‍ പ്രേംകിഷോറിന്റെ അകാലമരണം അങ്ങേയറ്റം വേദനയോടെയാണ് അറിയിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ ഹോസ്റ്റലിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. – ഐഐടി ജി അഡ്മിന്‍ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വിവിധ വിദ്യാര്‍ത്ഥിമരണങ്ങള്‍ ഐഐടി ഗുവാഹത്തിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ആത്മഹത്യ ഉള്‍പ്പെടെ 14 മരണങ്ങള്‍ നടന്നതായി 2019 ഡിസംബര്‍ രണ്ടിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. ഇന്ത്യയിലെ 23 ഐഐടികളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇവിടെ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: