ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിന് സര്‍വ്വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ ചെരുപ്പ് കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്ത് അഖിലേന്ത്യാ ഇമാം അസോഷിയേഷന്‍ മേധാവി മൗലാന സാജിദ് റഷിദി. സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടുന്ന മദ്രസകളെയും അതില്ലാത്ത സ്വകാര്യ മദ്രസകളെയും വേര്‍തിരിക്കാനുള്ള സര്‍വ്വേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടക്കുകയാണ്.
“സ്വകാര്യസംഭാവനകള്‍ ഉപയോഗിച്ച് നടത്തുന്ന മദ്രസകളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. അതിനായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പുകൊണ്ടും ഷൂസുകൊണ്ടും അടിക്കണം”- റാഷിദി പറഞ്ഞു.
“2.5 ശതമാനം സക്കാത്ത് ഉപയോഗിച്ചാണ് സ്വകാര്യമദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കാര്യം നോക്കാള്‍ ആരാണ് നിങ്ങളെ ഉത്തരവാദമേല്‍പിച്ചത്? സര്‍വ്വേ നടത്താനുള്ള നിങ്ങളുടെ അധികാരം എന്താണ്? ഞാന്‍ 2.5 ശതമാനം സക്കാത്ത് നല്‍കിയിട്ടുണ്ട്. എന്റെ സക്കാത്ത് ഉപയോഗിച്ചാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മദ്രസകള്‍ നിങ്ങള്‍ സര്‍വ്വേ ചെയ്തോളൂ. അതിനെ ആധുനികമാക്കുകയോ, വിദ്യാഭ്യാസം നല്‍കുകയോ, എന്ത് വേണമെങ്കിലും ചെയ്തോളൂ. ഞങ്ങളുടെ ഭരണഘടന അനുസരിച്ച് മതം പ്രചരിപ്പിക്കാനും ആചരിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്. “- അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം
സ്വകാര്യ മദ്രസകള്‍ സര്‍വ്വേ ചെയ്യാന്‍ തീരുമാനിച്ചത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശമനുസരിച്ചാണ് ഈ തീരുമാനം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍, ന്യൂനപക്ഷക്ഷേമ ഓഫീസര്‍ എന്നിവരാണ് സര്‍വ്വേ അംഗങ്ങള്‍.
അവര്‍ ഒക്ടോബര്‍ 25ഓടെ റിപ്പോര്‍ട്ട് ജില്ല മജിസ്ട്രേറ്റിന് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. യുപിയിലെ ന്യൂനപക്ഷകാര്യങ്ങളുടെ ചുമതലയുള്ള ഡാനിഷ് ആസാദ് അന്‍സാരി പറയുന്നത് ഇങ്ങിനെ:”ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡില്‍ 16,513 മദ്രസകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മദ്രസകളില്‍ എത്ര കുട്ടികളുണ്ട്, എത്ര അധ്യാപകരുണ്ട്, അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങിനെ, സിലബസ് എന്ത്, ശമ്പളം നല്‍കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷണവിഷയമാക്കുക. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: