മുംബൈ: കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.
സംഗ്ലി പൊലീസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്വമേധയാ കേസെടുത്തു. മനപൂര്‍വ്വം ആക്രമിച്ച് പരിക്കേല്പിക്കല് (വകുപ്പ് 323), എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ഉപദ്രവമേല്‍പിക്കല്‍ (വകുപ്പ് 324) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സന്യാസിമാരെ ആക്രമിച്ച ആള്‍ക്കൂട്ടത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ല്‍ പല്‍ഘാറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. അന്നും ആ സന്യാസിമാരെ അടിച്ചുകൊന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.
അതിന് ശേഷമാണ് ഇപ്പോള്‍ നാല് സന്യാസിമാരെ ആള്‍ക്കൂട്ടം അതിക്രൂരമായി കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്ന് കുറ്റം ചുമത്തില്‍ ആക്രമിച്ചത്. ബിജെപി-ഷിന്‍ഡെ ശിവസേന ഭരണമായതിനാല്‍ ഇതിനെതിരെ ഉടന്‍ അന്വേഷണം നടന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കാനായി. പ്രശ്നം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്കാന്റിവര്‍ പറഞ്ഞു.
സന്യാസിമാരെ ആക്രമിച്ചതിന്റെ പേരില്‍ പേരറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും പേരറിയാത്ത 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലാവന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് നിവാസികളായ നാല് സന്യാസിമാര്‍ കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നും കാറില്‍ പന്തര്‍പൂര്‍ എന്ന ക്ഷേത്രനഗരിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ സന്യാസിമാരില്‍ ഒരാള്‍ ഒരു കുട്ടിയോട് വഴി ചോദിച്ചു. ഇതോടെ പ്രദേശവാസികള്‍ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് സന്യാസിമാരെ ആക്രമിക്കുകയായിരുന്നു. സന്യാസിമാരുടെ ഭാഷ വേറെ ആയതും ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചു. പിന്നീട് വാഹനത്തില്‍ നിന്നും നാല് സന്യാസിമാരെയും പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു സന്യാസിമാര്‍ക്ക് നേരെ ആക്രമണം. ദാരുണമായി പരിക്കേറ്റ സന്യാസിമാരെ പിന്നീട് പൊലീസെത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: