കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു മില്‍ക്ക് ഷെയ്‌ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്ത് സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്‍റ് നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഷെയ്‌ക്കില്‍ കഞ്ചാവ് കുരു ഉപയോഗിക്കുന്നതായി കണ്ടെത്തി.
കുരു ഓയില്‍ രൂപത്തിലാക്കിയാണ് മില്‍ക്ക് ഷെയ്‌ക്കില്‍ കലക്കുന്നത്. ഒരിയ്‌ക്കല്‍ ജ്യൂസ് കുടിച്ചാല്‍ അത് തേടി ആളുകള്‍ വീണ്ടും അവിടെ എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. മില്‍ക്ക് ഷെയ്‌ക്ക് കുടിക്കുന്നവര്‍ ചെറിയതോതില്‍ ലഹരിയ്‌ക്ക് അടിമയാകുകയാണ്. കോഴിക്കോട് നര്‍ക്കോട്ടിക് സ്ക്വാഡ് സി ഐ വി.ആര്‍. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ഈ കടയ്‌ക്ക് എതിരെ മയക്കമരുന്ന് നിയമപ്രകാരം കേസെടുത്തു. കഞ്ചാവ് ചെടിയിലെ കുരുക്കളില്‍ നിന്നെടുത്ത എണ്ണ രാസപരിശോധനയ്‌ക്കയച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലാബ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
ദല്‍ഹിയില്‍ നിന്നാണ് കഞ്ചാവ് കുരു കൊണ്ടുവരുന്നതെന്ന് പറയുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സംശയമുണ്ട്. വിദ്യാര്‍ത്ഥികളെയാണ് ഈ കടകള്‍ കൂടുതലായി പ്രതീക്ഷിക്കുന്നത്.
കഞ്ചാവ് കുരു ഉപയോഗിച്ചുള്ള ഷെയ്‌ക്ക് വില്‍പനയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തപ്രചരിക്കുന്നതായി എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: