ന്യൂദല്‍ഹി: മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് ശിപാര്‍ശ ചെയ്്ത മാഗ്സസെ അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ താനല്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി. അവാര്‍ഡ് നിരസിച്ചത് ശൈലജ തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. ഇതിന് കടകവിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാധ്യമങ്ങളെ കണ്ടത് പാര്‍ട്ടിയിലെ ഭിന്നത പുറത്താക്കി.
സ്വകാര്യ പരസ്യ ഏജന്‍സികളെ ഉപയോഗിച്ച് കൊട്ടിഘോഷിച്ച ‘നിപ്പ, കൊവിഡ് പ്രതിരോധ മികവ്’ ന്റെ പേരിലായിരുന്നു കെ.കെ ശൈലജയ്ക്ക് മാഗ്സസെ അവാര്‍ഡ് ശിപാര്‍ശ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം പേര് കൊവിഡ് മൂലം മരിച്ച സംസ്ഥാനത്ത് ഭരണ പരാജയം മറയ്ക്കാന്‍ ആരംഭിച്ച പി.ആര് പ്രചാരണം ആഗോള തലത്തിലെ മാഗ്സസെ അവാര്‍ഡ് വിവാദത്തിലേക്ക് വരെ വളര്‍ന്നത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായി. കഴിഞ്ഞ ദിവസം മന്ത്രിസഭാ പുനഃസംഘടനയില്‍ ശൈലജയെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും മുഖ്യമന്ത്രി മുഖംതിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാഗ്സസെ വിവാദം പരസ്യമായത്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന മാഗ്സസെ ശിപാര്‍ശ സംഭവം വെള്ളിയാഴ്ച ചില മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണെന്നാണ് സൂചന.
‘രാഷ്ട്രീയത്തില്‍ സജീവമായി ഉള്ളവര്‍ക്ക് പുരസ്ക്കാരം നല്കുന്ന പതിവില്ല. അവര്‍ സജീവ പ്രവര്‍ത്തകയാണ്. നിപ്പ, കൊവിഡ് മികവ് ശൈലജയുടെ മാത്രമല്ല സര്‍ക്കാരിന്റെ നേട്ടമാണ്. വ്യക്തികള്‍ക്കാണ് സാധാരണ മാഗ്സസെ പുരസ്ക്കാരം നല്‍കുക’, യെച്ചൂരി പറഞ്ഞു. പുരസ്ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന അഭിപ്രായം ശൈലജ തന്നെ അറിയിച്ചെന്നും കൂട്ടായ പ്രവര്‍ത്തനമാണ് സംസ്ഥാന ആരോഗ്യമേഖലയില്‍ നടത്തിയതെന്ന് അവര്‍ പറഞ്ഞതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് വഞ്ചകനായ മുന്‍ ഫിലിപ്പിന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള പുരസ്ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്നും അക്കാര്യം ശൈലജ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം. രമണ്‍ മഗ്സസെ കമ്യൂണിസ്റ്റുകാരെ ക്രൂരമായി വേട്ടയാടിയ നേതാവാണ്. കേന്ദ്രകമ്മറ്റിയംഗം സ്വീകരിക്കുന്നത് ഉചിതമാവില്ല, ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: