ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കന്നട വിഭാഗം കുട്ടികളോടുള്ള അവഗണിക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. കന്നട മീഡിയത്തില്‍ മലയാളം അദ്ധ്യാപകരെ നിയമിച്ച അധികൃതര്‍ കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. ഹൈസ്കൂള്‍ വിഭാഗം കന്നട മീഡിയത്തില്‍ സോഷ്യല്‍ സയന്‍സില്‍ കന്നട ഭാഷ അറിയാത്ത അദ്ധ്യാപികയെ നിയമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് കന്നട മീഡിയ കുട്ടികളുടെ രക്ഷിതാക്കള്‍ ഒന്നടങ്കം പ്രതിഷേധവുമായി സ്കൂളിലെത്തിയത്.
ഇതുവരെ ഇവിടെ കന്നട മീഡിയത്തില്‍ സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകനെ സ്ഥലം മാറ്റിയാണ് ഈ നീക്കം എന്നും ആരോപണമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഇതേ വിഷയത്തില്‍ ഇതേ നീക്കം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അന്നും രക്ഷിതാക്കളുടെ ഇടയില്‍ നിന്നും വലിയതോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. അന്ന് ഹോസ്ദുര്‍ഗ് ഗവ.ഹൈസ്ക്കൂളില്‍ സമാനമായ രീതിയില്‍ നിയമനം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ അത്തരമൊരു നിയമനം പിന്നീട് ഹോസ്ദുര്‍ഗ് സ്കൂളിലെ കന്നട വിഭാഗം നിര്‍ത്തലാക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്ന കാര്യമാണ് ഇപ്പോള്‍ ഈ രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭാഷ അറിയാത്ത അദ്ധ്യാപിക ജോലിക്കെത്തിയ ദിവസം തന്നെ പ്രതിഷേധവുമായി രക്ഷിതാക്കളും കുട്ടികളും എത്തിയതോടെ ഉച്ചതിരിഞ്ഞ് ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപിക അപ്പോള്‍ തന്നെ ശൂന്യവേതന അവധിയില്‍ പോയി. മൈസൂരില്‍ 10 മാസത്തെ ഒരു കന്നട ഭാഷ പഠന കോഴ്സ് ഉണ്ട്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കന്നട മീഡിയ അദ്ധ്യാപകരായി നിയമനം നേടിയത്. കന്നട ഭാഷ തീരേ അറിയാതെ അദ്ധ്യാപകരായി നിയമിക്കുമ്പോള്‍ കുട്ടികളുടെ പഠനം അവതാളത്തിലാക്കുന്നു, എന്ന് മാത്രമല്ല ഭാവി ആശങ്കയിലാക്കുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഇത്തരം നീക്കത്തിനെതിരെ അഞ്ചു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 69 ഓളം കന്നട വിഭാഗം കുട്ടികളും ഇവരുടെ രക്ഷിതാക്കളുമാണ് പ്രതിഷേധവുമായി സ്കൂളിലെത്തിയത്. ജോലിയില്‍ പ്രവേശിച്ചയുടനെ ഭാഷയറിയാത്ത അദ്ധ്യാപിക അവധിയില്‍ പോയതിനാല്‍ ഇപ്പോള്‍ ഈ വിദ്യാലയത്തിലെ കന്നട മീഡിയം ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതവും അനാവശ്യവുമായി കാസര്‍കോട് ബിആര്‍സി കോഡിനേറ്ററായി സ്ഥലം മാറ്റിയ പഴയ അദ്ധ്യാപകനെ തിരികെ കൊണ്ടുവന്ന് പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളും കുട്ടികളും ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ താല്‍ക്കാലികമായി ദിവസ വേതന അടിസ്ഥാനത്തില്‍ ഭാഷ അറിയാവുന്ന ഒരു അദ്ധ്യാപകനെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മനമോഹന് നെക്ലി, സദാനന്ദ ബട്ടത്തൂര്‍, ജയറാം ബട്ടത്തൂര്‍, മണി മൈലാട്ടി, സുലോചന ഞെക്ലി, സാവിത്രി ഞെക്ലി തുടങ്ങിയ രക്ഷിതാക്കളാണ് മക്കളുടെ ഭാവിയില്‍ പ്രതിഷേധവുമായി സ്കൂളിലെത്തിയത്. ഇവരുടെ ആവശ്യം ന്യായമാണെന്നും ഭാഷ അറിയാത്ത തിരുവനന്തപുരത്ത് നിന്നുള്ള അദ്ധ്യാപികയെ നിയമിച്ചത് അന്യായമാണെന്ന് സ്കൂള്‍ പിടിഎയുടേയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: