ചെന്നൈ: തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാജനെതിരെ രൂക്ഷ വിമര്‍ശനവും ചുട്ട മറുപടിയുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. ട്വിറ്ററില്‍ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിനാണ് പളനിവേലിനെതിരേ അണ്ണാമലൈ പരസ്യമായി രംഗത്തെത്തിയത്. ഒരടി കൊണ്ടാല്‍ അടുത്ത അടിക്കായി മറ്റൊരു കവിള് കാണിച്ചു കൊടുക്കാന്‍ താന്‍ യേശു ക്രിസ്തു അല്ലെന്നും അടിച്ചാല്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. നിങ്ങള്‍ ആക്രമണകാരിയാണെങ്കില്‍, ഇരട്ട ആക്രമണവുമായി ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും. ഡിഎംകെ മാന്യമായ രാഷ്ട്രീയമാണ് നടത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇരട്ടി ബഹുമാനം ലഭിക്കുമെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു. പളനിവേലിന് ഇപ്പോള്‍ തന്റെ ചെരുപ്പിന്റെ വില പോലും നല്‍കുന്നില്ലെന്നും അണ്ണാമലൈ.
മധുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്റെ ഔദ്യോഗിക വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി ചെരിപ്പെറിഞ്ഞതിനെ വിമര്‍ശിച്ചുള്ള ട്വീറ്റിലാണ് പളനിവേല്‍ പേരെടുത്ത് പറയാതെ അണ്ണാമലൈയെ അവഹേളിച്ചത്. അണ്ണാമലൈയെ പേര് വിളിക്കാതെ പകരം ആടിന്റെ ഒരു പടം ഉപയോഗിച്ചായിരുന്നു അവഹേളം. അങ്ങനെയാണ് ബിജെപി അധ്യക്ഷനെ തമിഴ്നാട്ടിലെ എതിരാളികള്‍ പരിഹസിക്കുന്നതെന്നും അണ്ണാമലൈ ഒരു കലഹക്കാരനാണെന്നും പച്ചക്കള്ളം പറയുന്ന ആളാണെന്നും പളനിവേല്‍ ആരോപിച്ചു.
എന്നാല്‍, തന്റെ കുടുംബം ഫാമില്‍ ജോലി ചെയ്യുകയും ആടുകളെ വളര്‍ത്തുകയും ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നിന്നുള്ളതിനാല്‍ തന്നെ അവഹേളിക്കാമെന്ന് ഡിഎംകെ കരുതേണ്ടെന്നു അണ്ണാമലൈ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: