സന്തോഷ് മാത്യു
കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് മിശിഹ, എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കോ അന്തിക്രിസ്തുവും. അതായിരിക്കും ലളിതമായി പറഞ്ഞാല്‍ ഗോര്‍ബച്ചേവിനെ ചരിത്രം ആലേഖനം ചെയ്യാന്‍ പോവുന്നത്. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് വിടപറയുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍.
ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ പദങ്ങളോട് ചേര്‍ത്താണ് ലോകം അദ്ദേഹത്തിനെ ഓര്‍ക്കുന്നത്. ആധുനിക റഷ്യയുടെ പിറവിയില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഗോര്‍ബച്ചേവ്. അമേരിക്കയുമായുള്ള ശീതയുദ്ധം അവസാനിപ്പിച്ച ഗോര്ബച്ചേവിന് 1990-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ലോകം ആദരിക്കുകയുണ്ടായി.
നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1971-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി. 1985 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റുമായി. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അധികാര രാഷ്‌ട്രീയത്തില്‍ നിന്നും അദ്ദേഹം പുറത്തായി. 1996 ല്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം ഒരു ശതമാനം വോട്ടു പോലും നേടാനാകാതെ പരാജയപ്പെടുകയും ചെയ്തു. സാവധാനത്തിലുള്ള സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്ക് തടയിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകളുടെ കണ്ണിലെ കരടാണ് ഇന്നും ഗോര്‍ബച്ചേവ്.
1985-ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അദ്ദേഹം സമന്വയത്തിന്റെ വഴിയേയാണ് എക്കാലവും സഞ്ചരിച്ചത്. അഭിപ്രായസ്വാതന്ത്ര്യം (ഗ്ലാസ്‌നോസ്റ്റ്) അനുവദിച്ചും അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ (പെരിസ്‌ട്രോയിക്ക)അടിച്ചമര്‍ത്താതെയും ഗോര്‍ബച്ചേവ് വ്യത്യസ്തനായി. രാഷ്‌ട്രീയ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഗ്ലാസ്‌നോ സ്തും സാമ്പത്തിക ഉദാരവല്‍ക്കരണമായ പെരിസ്‌ട്രോയിക്കയും. ഗൊര്‍ബച്ചേവിന്റെ ഈ നടപടികള്‍ വിജയം കണ്ടില്ല എന്ന് മാത്രമല്ല ആത്യന്തികമായി സോവിയറ്റ് യൂണിയന്റെ പതനത്തിന്നും ഇത് വഴിതെളിച്ചു.
അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കു വഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊര്‍ബച്ചേവിന്റെ നടപടികള്‍ വഴിതെളിച്ചു.
ആറു വര്‍ഷം സോവിയറ്റു യൂണിയന്റെ പ്രസിഡന്റായിരുന്ന ഗൊര്‍ബച്ചേവ് കൊണ്ടു വന്ന ഭരണപരിഷ്‌കരണനടപടികളാണു ലക്ഷ്യം കാണാതെ ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയത്. റിപ്പബ്ലിക്കുകള്‍ ഓരോന്നായി വിട്ടു പോകവേ, ഡിസംബര്‍ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. രക്തരൂക്ഷിതമായ ബോള്‍ഷെവിക് വിപ്ലവത്തില്‍ ഉദയംചെയ്ത സോവിയറ്റ് യൂണിയന്റെ അന്ത്യം സമാധാനപരമായിരുന്നു.
1952ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമപഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 1955 ല്‍ നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. 1970ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യണ്‍ സെക്രട്ടറിയായി. 1971 ലാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമാവുന്നത്. 1978 ല്‍ പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി. 1979ല്‍ പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായി. 1980 ലാണ് ഫുള്‍ മെമ്പറാകുന്നത്. ഗോര്‍ബച്ചേവിന്റെ രാഷ്‌ട്രീയ വളര്‍ച്ചക്ക് പിന്നില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായില്‍ സുസ്ലോവിന്റെ പങ്ക് വളരെ പ്രധാനമാണ്. യൂറി അന്ത്രോപോവ് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയനും യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കാലഘട്ടമായ 1991-ല്‍ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച പരിഷ്‌കരണ ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജര്‍മ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്‌ക്കല്‍ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോര്‍ബച്ചേവിന് കഴിഞ്ഞിരുന്നു.
കിഴക്ക്-പടിഞ്ഞാറന്‍ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളില്‍ അദ്ദേഹം വഹിച്ച പ്രധാന പങ്കിന് 1990-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1999 ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. കഷണ്ടി കയറിയ തലയില്‍ ഭൂപടാകൃതിയുമായി രാജ്യം ഭരിച്ച ഗോര്‍ബച്ചേവ് തന്റെ ശക്തമായ നിലപാടുകളുടെ പേരില്‍ ഇനിയും ഏറെക്കാലം ജനമനസുകളില്‍ ജീവിക്കും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: