മണികണ്ഠന് കുറുപ്പത്ത്
തൃശൂര്‍: വെളുത്ത ളോഹ ഊരി മാറ്റി ബനിയനും ട്രൗസറുമണിഞ്ഞ് ബാസ്കറ്റ് ബോള്‍ കളിക്കളത്തിലിറങ്ങിയാല്‍ ഫാ. വടക്കന്‍ ആളൊരു ഉശിരനാണ്. പുരോഹിത ജീവിതത്തിനിടയിലും കളിക്കളത്തില്‍ റഫറിയുടെ വേഷമണിയാന്‍ ദൈവനിയോഗമുണ്ടായ വ്യക്തിയാണ് ഫാ. റോയ് ജോസഫ് വടക്കന്‍ എന്ന 44 കാരന്. നാഷണല്‍ റഫറി, കേരള റഫറി കമ്മീഷന് അംഗം, അധ്യാപകന്, വാദ്യ കലാകാരന് എന്നീ നിലകളിലും ഇദ്ദേഹം തന്റെ പാടവം തെളിയിച്ചിട്ടുണ്ട്.
വടക്കനച്ചന് ബാസ്കറ്റ്ബോള്‍ കളികള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഏനാമ്മാവ് ഇട്ടൂപ്പ് മര്‍ഗിളി ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവനാണ് ഇദ്ദേഹം. കോട്ടയം വടവാതൂര്‍ സെമിനാരിയുടെ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റനായിരിക്കെ കേരള റഫറി പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് കളിക്കളം നിയന്ത്രിക്കാനുള്ള യോഗ്യത നേടി. ആ കാലഘട്ടത്തില്‍ തന്നെ ദേശീയ റഫറി പരീക്ഷ വിജയിച്ച് പോണ്ടിച്ചേരി, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ചാലക്കുടിയില്‍ ഇന്നലെ സമാപിച്ച 66 ാമത് കേരള സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വടക്കനച്ചന് 12 മത്സരങ്ങള്‍ നിയന്ത്രിച്ചു. ആദ്യകാലത്ത് ബ്രദറായിരിക്കെ കളിക്കളത്തിലെ മികച്ച കളിക്കാരനായിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ ശിക്ഷണം ലഭിക്കാന്‍ ഇടയായത് അനുഗ്രഹമായി വടക്കനച്ചന് കരുതുന്നു. കളിക്കളത്തില്‍ മാത്രമല്ല വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇദ്ദേഹത്തിന്റെ പാടവം വേറിട്ടതാണ്. വടക്കനച്ചന്റെ ശിങ്കാരിമേളം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ബാംഗ്ലൂര്‍ െ്രെകസ്റ്റ് കോളേജ്, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍, ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് ഡയറക്ടറായി 12 വര്‍ഷം എന്നിങ്ങനെ ഫാ. റോയ് ജോസഫ് വടക്കന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സ്വതന്ത്ര ഇടവക വികാരിയായി ആദ്യം നിയമിതനാകുന്നത് ഇപ്പോഴുള്ള എറവ് സെ. തെരേസാസ് കപ്പല്‍ പള്ളിയില്‍ 6 മാസം മുമ്പാണ്. പള്ളിയുടെ കീഴിലുള്ള മൂന്ന് വിദ്യാലയങ്ങളുടെ ചുമതലകള്‍ നോക്കുമ്പോഴും ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: